കോന്നി മെഡിക്കൽ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം : മന്ത്രി വീണാ ജോർജ്

Pathanamthitta

കോന്നി – സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കൽ കോളജിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക നിലവാരത്തിലുള്ള ചികിത്സ ഏറ്റവും വേഗതയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കോന്നി മെഡിക്കൽ കോളജിലെ പുതിയ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, എച്ച്.എൽ.എൽ ഫാർമസി എന്നിവ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ലക്ഷ്യ നിലവാരത്തിൽ മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബർ റൂമും ഓപ്പറേഷൻ തിയേറ്ററും നിർമിച്ചത്. 27,922 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലേബർ റൂം. ഒപി, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സെപ്റ്റിക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, രണ്ട് എൽഡിആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയുണ്ട്.

27 ലക്ഷം രൂപ ചിലവഴിച്ചാണ് 500 ചതുരശ്ര അടി വിസ്തീർണമുള്ള എച്ച്.എൽ.എൽ. ഫാർമസി നിർമിച്ചത്. കഴിഞ്ഞ നാലു വർഷത്തിനിടെ 363 കോടി രൂപയുടെ വികസനം കോന്നി മെഡിക്കൽ കോളജിൽ നടന്നു. ആദ്യഘട്ടത്തിൽ 167.33 കോടി രൂപ ചെലവഴിച്ചു. എംബിബിഎസ് കോഴ്സിന്റെ നാലാം ബാച്ച് ഓഗസ്റ്റിൽ ആരംഭിക്കും. നിലവിൽ 300 കുട്ടികൾ പഠിക്കുന്നുണ്ട്. പിജി കോഴ്സ് തുടങ്ങാനുള്ള നടപടി പുരോഗമിക്കുന്നു.
ആരോഗ്യ മേഖലയിലടക്കം വികസന പാതയിലാണ് സംസ്ഥാനം. മെഡിക്കൽ കോളജുകൾ ദേശീയ നിലവാരത്തിലെത്തി. 15 പുതിയ നേഴ്സിങ്ങ് കോളജുകൾ സർക്കാർ, സർക്കാരിതര മേഖലയിൽ സ്ഥാപിച്ചു. ബിഎസ്സി നേഴ്സിങ്ങ് സീറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. മെഡിക്കൽ കോളജിലെ പിജി സീറ്റുകളേടതടക്കം ഉയർന്നു. കരൾ മാറ്റൽ ചികത്സയടക്കം സൗജന്യമായി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതവും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് വികസനമെല്ലാം സാധ്യമാക്കിയതെന്ന് മന്ത്രി അറിയിച്ചു.

കോന്നി മെഡിക്കൽ കോളജ് ഓരോ ദിവസവും വളരുകയാണെന്നും മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമാണ് ഇതെന്നും അധ്യക്ഷ പ്രസംഗത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ഡോ. കെ വി വിശ്വനാഥൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മണിയമ്മ രാമചന്ദ്രൻ നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാ കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. എസ് നിഷ, സൂപ്രണ്ട് ഡോ. എ ഷാജി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബി. സജിനി, ആശുപത്രി വികസന സമിതി അംഗങ്ങളായ രാജു നെടുവംപുറം, അമ്പിളി വർഗീസ്, റഷീദ് മുളന്തറ, എ.എസ്.എം ഹനീഫ, ടി.ഐ.എ മുത്തലിഫ്, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് റീജിയണൽ മാനേജർ മധു മാധവൻ എന്നിവർ പങ്കെടുത്തു.

ചിത്രം : കോന്നി-
കോന്നി മെഡിക്കൽ കോളജ് ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ഫാർമസി എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ചിത്രം : തിയേറ്റർ


ചിത്രം : ഫാർമസി


ചിത്രം : ലേബർ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *