സ്കൂട്ടർ മോഷണം : രണ്ടുപേർ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ഓമല്ലൂർ അഞ്ജലി ഓഡിറ്റൊറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാർ ദുർഗ്ഗാദേവി ക്ഷേത്രത്തിന് സമീപം വളയിക്കകത്ത് വീട്ടിൽ നിന്നും ഓമല്ലൂർ ആറ്റരികം തയ്യിൽ പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസം വിഷ്ണു (33), രണ്ടാംപ്രതി ഓമല്ലൂർ ആറ്റരികം പടിഞ്ഞാറേ കടുംപള്ളിൽ വീട്ടിൽ ശശിക്കുട്ടൻ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ച് കടത്തിയ സ്കൂട്ടർ ശശികുട്ടന് കൈമാറുകയായിരുന്നു. മോഷണ മുതലാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഇയാൾ വിഷ്ണുവിൽ നിന്നും സ്കൂട്ടർ വാങ്ങിയത് എന്ന് അന്വേഷണത്തിൽ വെളിവായി.

13 ന് വൈകിട്ട് 6. 30 നാണ് ഓമല്ലൂർ പുത്തൻപീടിക പാറപ്പാട്ട് തെക്കേ മുറിയിൽ ലിജോയുടെ സ്കൂട്ടർ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നൽകിയത് പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, വർക്ഷോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന്, മോഷ്ടിച്ചയാളെന്ന് കണ്ടെത്തി വിഷ്ണുവിനെ വീടിന് സമീപത്തുനിന്നും ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെയും കസ്റ്റഡിയിൽ എടുക്കുകയും, വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതുപ്രകാരം സ്കൂട്ടർ പിന്നീട് കണ്ടെത്തി. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ കെ സുനുമോന്റെ മേൽനോട്ടത്തിൽ എസ് ഐ പി പി ദീപക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ രാജേഷ്, എസ് സിപിഓമാരായ പ്രശാന്ത്, വിജേഷ്, ബൈജു, രാജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *