ബംഗളൂരു – കർണാടകയിലെ ഗോകർണത്തിനു സമീപം രാമതീർഥക്കുന്നിൽ കാട്ടിലെ ഒരു ഗുഹയിൽ നിന്നു റഷ്യൻ യുവതിയെയും രണ്ടു പെൺമക്കളെയും കണ്ടെത്തി. നീന കുട്ടിന എന്ന നാൽപ്പതുകാരിയെയും മക്കളായ പ്രേമ (ആറ്), അമ (നാല്) എന്നിവരെയുമാണു പാമ്പുകൾ അടക്കം വന്യമൃഗങ്ങൾ ഏറെയുള്ള പ്രദേശത്തെ ഗുഹയിൽ നിന്നു ഗോകർണ പൊലീസ് കണ്ടെത്തിയത്. ഉരുൾപൊട്ടലും മലയിടിച്ചിലും പതിവായി ഉണ്ടാകാറുള്ള പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്ന ഗുഹ.
നഗരജീവിതത്തിൻറെ തിരക്കിൽ മടുത്ത് ഏകാന്തതയും ആത്മീയതയും തേടിയാണ് കാട്ടിലെത്തിയതെന്നാണ് പൊലീസിനോട് യുവതിയുടെ വിശദീകരണം. പക്ഷെ അന്വേഷണത്തിൽ ഇവരുടെ വിസ കാലാവധി കഴിഞ്ഞതായി പോലീസ് കണ്ടെത്തി. തുടർന്ന് കാർവാറിൽ കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് നടത്തുന്ന അഭയകേന്ദ്രത്തിലേക്കു അമ്മയെയും, മക്കളെയും മാറ്റി. ഇവരെ റഷ്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒമ്പതാം തീയതി വൈകിട്ട് ഗോകർണം എസ്ഐ എസ്.ആർ. ശ്രീധറിൻറെ സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് വനത്തിലെ ഗുഹയിൽ ആളനക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രാർത്ഥനയും ധ്യാനവുമാണ് ഉദ്ദേശ്യമെന്നു പറഞ്ഞ യുവതിയെ ഗുഹാജീവിതത്തിൻറെ അപകടങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തിയ പൊലീസ് ഇവരെ സാധ്വി യോഗരത്ന സരസ്വതിയുടെ ആശ്രമത്തിലേക്കാണ് ആദ്യം മാറ്റിയത്. ഇവരുടെ പാസ്പോർട്ട്, വിസ വിവരങ്ങൾ ചോദിച്ചപ്പോൾ, ആദ്യം വ്യക്തമാക്കാൻ വിമുഖത കാണിച്ചെങ്കിലും ഇവ കാട്ടിൽ നഷ്ടപ്പെട്ടിരിക്കാമെന്നു പിന്നീട് ആശ്രമ മേധാവിയോടു ഇവർ പറഞ്ഞു.
ഇതുപ്രകാരം നടത്തിയ അന്വേഷണത്തിൽ രേഖകൾ വനംവകുപ്പും പൊലീസും ചേർന്നു കണ്ടെടുത്തു. 2017 ഏപ്രിൽ 17 വരെ സാധുതയുള്ള ബിസിനസ് വിസയിലാണ് നീന ഇന്ത്യയിലെത്തിയത്. ഇതിൻറെ കാലാവധി കഴിഞ്ഞപ്പോൾ 2018 ഏപ്രിൽ 19 ന് ഗോവ പനാജി ഫോറിനേഴ്സ് റീജ്യനൽ രജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) എക്സിറ്റ് പെർമിറ്റ് നൽകി, തുടർന്നു നേപ്പാളിലേക്കു പോയ നീന 2018 സെപ്റ്റംബർ എട്ടിനു വീണ്ടും ഇന്ത്യയിലെത്തി. ഇന്ത്യയിൽ തങ്ങുന്നതിനുള്ള അനുവദനീയ കാലാവധി കഴിഞ്ഞതിനാൽ അവർക്ക് നിയമനടപടികൾ നേരിടേണ്ടിവരും.


