ഓമല്ലൂരിൽ സിപിഎം – ആർഎസ്എസ് സംഘർഷം : രണ്ടു പേർക്ക് വെട്ടേറ്റു, ഒരാൾക്ക് വീടു കയറി ആക്രമണത്തിലും പരുക്ക്

Kerala Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ:- പന്ന്യാലിയിൽ സി.പി.എം – ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടി. മൂന്നു പേരെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകനായ ടി.പി. അഖിൽ (26), സി.പി.എം പ്രവർത്തകരായ പ്രദീപ്, അരുൺ എന്നിവർക്കാണ് പരുക്കേറ്റത്. പ്രദീപിനും അരുണിനും തലയ്ക്ക് വെട്ടേറ്റു. വൈകിട്ട് മൂന്നിനാണ് സംഭവം. തങ്ങളെയാണ് ആദ്യം ആക്രമിച്ചത് എന്നാണ് ഇരുകൂട്ടരും പറയുന്നത്.

അഖിലിന്റെ അമ്മ പ്രസന്നകുമാരി പറഞ്ഞത് വൈകിട്ട് മൂന്നു മണിയോടെ രണ്ടു വാഹനങ്ങളിലായി അഞ്ചെട്ടു പേർ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയെന്നാണ്. കുഞ്ഞിനെയും എടുത്തു കൊണ്ടു നിന്ന തന്നെ തള്ളി വീഴ്ത്താൻ ശ്രമിച്ചു. തുടർന്ന് അകത്തു കയറി അഖിലിനെ ക്രൂരമായി മർദിച്ചു. അഖിലിന് വയറിന് പരുക്കേറ്റുവെന്നും മാതാവ് പറയുന്നു. പ്രതികളെ തനിക്ക് അറിയില്ലെന്നും മാതാവ് പറഞ്ഞു. അടുത്ത കാലത്ത് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് പ്രസന്നകുമാരി പറഞ്ഞു.

അതേ സമയം, പൊതുവഴിയിലൂടെ പോയ യുവാക്കളെ കൊടുംക്രിമിനലായ അപ്പു എന്ന് വിളിക്കുന്ന ടി.പി. അഖിൽ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ബൈജു ഓമല്ലൂർ പറഞ്ഞു. അയാൾക്ക് ഒരു പരുക്കുമില്ല. സി.ഐ.ടി.യു, സി.പിഎം പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ഓമല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള റോഡിലൂടെ പന്ന്യാലിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു സി.പി.എം പ്രവർത്തകർ. ഇവരെ തടഞ്ഞു നിർത്തി വടിവാളിന് വെട്ടുകയായിരുന്നു. മറ്റൊരു സി.പി.എം പ്രവർത്തകന് മർദനമേറ്റിട്ടുണ്ട്.

ഇതിന് ശേഷം കൗണ്ടർ കേസിന് വേണ്ടി ബി.ജെ.പി പ്രവർത്തകൻ വന്ന് ആശുപത്രിയിൽ കിടക്കുകയാണെന്നും ബൈജു ആരോപിച്ചു. ആശുപത്രിയിലും സംഭവ സ്ഥലത്തും പോലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.

2023 ൽ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ നടന്ന തർക്കങ്ങളെ തുടർന്നാണ് സംഘർഷമെന്ന് പറയുന്നു. ക്ഷേത്രത്തിൽ കാവിക്കൊടി കെട്ടിയതിനെതിരേ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി വരികയും പാർട്ടിക്കൊടി കെട്ടാൻ തയാറെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നുവെന്നാണ് പറയുന്നത്. അന്ന് പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും മാറ്റി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *