വിദ്യാർഥികൾ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : പന്തളം എൻഎസ്എസ് കോളജിൽ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ആർ.ബിന്ദു

Kerala Pathanamthitta

പന്തളം – പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാർഥികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പന്തളം എൻഎസ്എസ് കോളജിൽ റൂസ പ്രോജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് അഭിരുചികൾക്കനുസൃതമായി വളരാൻ പ്രാരംഭഘട്ടത്തിൽ പരിശീലനങ്ങൾ നൽകണമെന്നും നൂതന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാർഥികൾക്ക് 5 മുതൽ 25 ലക്ഷം രൂപ വരെ ധനസഹായവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എക്‌സ്പീരിയൻസ് ലേണിംഗ് പഠന രീതിക്കു പ്രാധാന്യം നൽകുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാൻ അധ്യാപക സമൂഹം ശ്രമിക്കണം. അധ്യാപക പരിശീലനത്തിനായി ഹയർ എജുക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എക്‌സലൻസ് ആൻഡ് ടീച്ചിങ് ലേണിംഗ് ആൻഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർഥികളെ കാലത്തിനനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്കു നയിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണു പ്രഥമ പരിഗണന നൽകുന്നത്. മേഖലയുടെ വികസനത്തിനായി 6000 കോടി രൂപയാണ് സർക്കാർ വിനിയോഗിച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ഗുണമേന്മ വർധനയ്ക്കും പ്രാധാന്യം നൽകി. ഇതിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസത്തിനെ അന്തർദേശീയ ഹബ്ബാക്കി മാറ്റുന്നതിന്റെ നടപടിയായി ഭൗതിക പശ്ചാത്തല വിപുലീകരണം, ഉള്ളടക്കത്തിന്റെ ഗുണമേന്മ വർധനയ്ക്കായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ചു കഴിഞ്ഞവർഷം 1823 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിലൂടെ 2000 കോടി രൂപയും റൂസ പദ്ധതിയിലൂടെ 568 കോടി രൂപയും ഇതിലുൾപെടുന്നു.

റൂസ പദ്ധതിയിലൂടെ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി വിവിധ കലാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, അക്കാദമിക് ബ്ലോക്കുകൾ, ആധുനിക ലൈബ്രറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ നിർമ്മിച്ചു.

കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്തമായി 60:40 അനുപാതത്തിലാണ് റൂസ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 116 കലാലയങ്ങൾക്ക് 2 കോടി രൂപ വീതം നൽകുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക സെൽ രൂപീകരിച്ചാണ് റൂസ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. റൂസ ഫണ്ട് മുഖേന സയൻസ് ലാബ്, ഓഫിസ്, ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ എന്നിവ പൂർത്തികരിച്ചു.

അടിസ്ഥാന സൗകര്യ വിപുലീകരണം പോലെ ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരണമാണു നടത്തുന്നത്. ബിരുദം നാല് വർഷമാക്കിയതിലൂടെ തൊഴിലവസരം സൃഷ്ടിക്കാനും സംരംഭക താൽപര്യങ്ങൾ വികസിപ്പിക്കാനുമുള്ള അവസരമൊരുക്കുന്നു. ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രമുഖ സ്ഥാപനങ്ങളെ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. അസാപ് 150 കോഴ്സുകളിൽ പരീശീലനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയും നിർമിത ബുദ്ധിയുടെ സാധ്യതകളും പരിശോധിച്ചു പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അറിവുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയും. ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങളാണു നടപ്പാക്കുന്നത്. സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.

പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ ഡോ.എസ്.ജ്യോത്സന, ഡോ.ആർ.ശ്രീപ്രസാദ്, പ്രിൻസിപ്പൽ ഡോ.എം.ജി. സനൽകുമാർ, കോളേജ് കൗൺസിൽ സെക്രട്ടറി ലക്ഷ്മി പ്രസന്നൻ, സീനിയർ സൂപ്രണ്ട് കെ.എൻ രാജേഷ് കുമാർ, റൂസ കോ-ഓഡിനേറ്റർ ഡോ.എസ്. ശരവണകുമാർ എന്നിവർ പങ്കെടുത്തു.

ചിത്രം :ആർ. ബിന്ദു

പന്തളം എൻഎസ്എസ് കോളജിൽ റൂസ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *