കോന്നി – കെ യു ജനീഷ് കുമാർ എംഎൽഎയും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണനും കോന്നി മെഡിക്കൽ കോളജ് സന്ദർശിച്ച് നിർമാണപ്രവർത്തനം വിലയിരുത്തി. അനുദിനം തിരക്കേറുന്ന മെഡിക്കൽ കോളജിൽ രോഗികൾക്ക് സുഗമമായ ചികിത്സയ്ക്ക് കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ എംഎൽഎ നിർദേശിച്ചു.
ഒ.പി കൗണ്ടർ തിരക്കു നിയന്ത്രിക്കാൻ ഇ-ഹെൽത്ത് മുഖേനെ ടോക്കൺ സംവിധാനം ആരംഭിക്കും. രോഗികൾക്കായി കൂടുതൽ ഇരിപ്പിടം ക്രമീകരിക്കും.
മെഡിക്കൽ കോളജിന്റെ നിർമാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തിൽ എംഎൽഎയും ജില്ലാ കലക്ടറും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനം പുരോഗമിക്കുന്നു. ഏഴ് വെന്റ്റിലേറ്റർ ബെഡുകൾ ഉൾപ്പെട്ട 20 കിടക്കകളുള്ള ഐസിയുവിന്റെ നിർമാണം പൂർത്തീകരിച്ചു. ‘ലക്ഷ്യ’ നിലവാരത്തിൽ മൂന്നു കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗവും പൂർത്തിയായി. രണ്ട് ഓപ്പറേഷൻ തീയേറ്റർ ലേബർ റൂമുകൾ, ലേബർ വാർഡുകൾ എന്നിവയുണ്ട്. എച്ച് എൽ എൽ നേതൃത്വത്തിൽ അത്യാധുനിക ഫാർമസി പൂർത്തീകരിച്ചു.
ആവശ്യ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമാകും. മെഡിക്കൽ കോളേജിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പും പ്രാബല്യത്തിലായി. ജീവനക്കാർക്കായി 11 നിലവീതം ഉള്ള രണ്ട് പാർപ്പിട സമുച്ചയം പൂർത്തിയായി. അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും പൂർത്തീകരിച്ചു. ടൈപ്പ് എ, ടൈപ്പ് സി പാർപ്പിടസമുച്ചയ നിർമാണം പുരോഗമിക്കുന്നു. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേർന്ന ഏഴു നില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയവും അവസാന ഘട്ടത്തിലാണ്. ഒക്ടോബറിൽ നിർമാണം പൂർത്തിയാകും.
ഒ.പി, ഐ.പി, അത്യാഹിത വിഭാഗങ്ങളിൽ ചികത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വർധിച്ചു. ടോക്കൺ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ജീവനക്കാരുടെ അഭാവം നികത്താനും എംഎൽഎ ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനവും വിലയിരുത്തി. എംഎൽഎയും ജില്ലാ കലക്ടറും ആശുപത്രിയിലെ വിവിധ ബ്ലോക്കുകൾ സന്ദർശിച്ചു. രോഗികൾക്കുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് എംഎൽഎ നിർദേശിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ആർ. എസ് നിഷ, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, വികസന സമിതി അംഗം സന്തോഷ് കുമാർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിജി, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചിത്രം: എംഎൽഎ
കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന കോന്നി മെഡിക്കൽ കോളജ് വികസന സമിതി യോഗം

ചിത്രം: ഹോസ്പിറ്റൽ
കെ യു ജനീഷ് കുമാർ എംഎൽഎയും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണനും കോന്നി മെഡിക്കൽ കോളജ് സന്ദർശിക്കുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

