പത്തനംതിട്ട – ജില്ലയിലെ ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ ദിനമായിരുന്നു ഇന്നലെ. രണ്ട് ആനകളാണ് ഒന്നിന് പിറകേ ഒന്നായി ചരിഞ്ഞത്. കോന്നി ആനത്താവളത്തിന്റെ കൗതുകമായിരുന്ന കൊച്ചയ്യപ്പൻ രാവിലെയും അപകടകാരിയാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന ദേവസ്വം ബോർഡിന്റെ ആന ഓമല്ലൂർ മണികണ്ഠൻ വൈകിട്ടുമാണ് ചരിഞ്ഞത്. അയ്യപ്പന്റെ തിടമ്പേറ്റിയിരുന്ന മണികണ്ഠൻ ഭഗവാന്റെ ജന്മനാളായ ഉത്രം നക്ഷത്രത്തിലാണ് ചരിഞ്ഞതെന്നതും പ്രത്യേകതയായി.
നാലു വയസായിരുന്നു കോന്നി കൊച്ചയ്യപ്പന്. ആനക്കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞെത്തിയ കുട്ടിക്കൊമ്പൻ കോന്നി എക്കോടൂറിസം സെന്ററിലെ സഞ്ചാരികളുടെ പ്രിയ കഥാപാത്രമായിരുന്നു. നടി കെ.ആർ. വിജയ ബീഹാറിൽ നിന്ന് വാങ്ങി നടയ്ക്കിരുത്തിയ മണികണ്ഠൻ പിന്നെ സംഹാരരൂപം പൂണ്ട് നിരവധി പേരെ വകവരുത്തിയ കൊമ്പനാണ്. സ്ഥിരം പ്രശ്നക്കാരൻ ആയതിനാൽ ഏറെ നാളായി ഓമല്ലൂർ ക്ഷേത്ര വളപ്പിൽ ബന്ധനത്തിലായിരുന്നു. എരണ്ടകെട്ട് ബാധിച്ചാണ് ചരിഞ്ഞത്. കൊച്ചയ്യപ്പന്റെ മരണത്തിന് കാരണമായത് ഹെർപിസ് ആണെന്ന്ന സംശയിക്കുന്നു.
അയ്യപ്പന്റെ പേരിലെത്തിയ മണികണ്ഠൻ, പാപ്പാന്മാരുടെ പേടി സ്വപ്നം
നാൽപ്പതു വർഷത്തോളം മുൻപാണ് ബീഹാറിൽ നിന്ന് കൊണ്ടു വന്ന ആനയെ നടി കെ.ആർ. വിജയ ശബരിമല നടയ്ക്ക് ഇരുത്തിയത്. അയ്യപ്പന്റെ തിടമ്പേറ്റിയിരുന്ന ആനയാണ് മണികണ്ഠൻ. അക്രമകാരിയായതോടെ മണികണ്ഠനെ ശബരിമലയിൽ നിന്നും മാറ്റി. വൈക്കം ക്ഷേത്രത്തിലേക്കായിരുന്നു മാറ്റം. അഷ്ടമി എഴുന്നള്ളിപ്പ് വരെ അലങ്കോലപ്പെടുത്തിയതോടെ മണികണ്ഠനെ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടു വന്നു. പക്ഷേ, മണികണ്ഠന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. മദപ്പാടും അക്രമസ്വഭാവവും പതിവാക്കിയ മണികണ്ഠനെ ദേവസ്വം ബോർഡ് ഉത്സവം എഴുന്നള്ളിപ്പുകൾക്ക് അയയ്ക്കാതായി. ചെല്ലുന്നിടത്തെല്ലാം ആന കുഴപ്പം സൃഷ്ടിക്കുന്നതോടെ മണികണ്ഠനെ ഓമല്ലൂരിൽ സ്ഥിരമായി തളച്ചിട്ടു. അഴിച്ചു വിട്ടപ്പോഴൊക്കെ അവൻ കുറുമ്പു കാട്ടി. നിരവധി പേരെ മണികണ്ഠൻ കൊലപ്പെടുത്തി. ഇടയ്ക്ക് വീണ്ടും ശബരിമലയിൽ തിടമ്പേറ്റാൻ കൊണ്ടു പോയെങ്കിലും സ്ഥിരം മദപ്പാട് ആയതോടെ ഓമല്ലൂരിലേക്ക് മടക്കി.
13 കൊല്ലം മുൻപ് കുളിപ്പിക്കാൻ അഴിച്ചപ്പോൾ ഓമല്ലൂർ ക്ഷേത്രമുറ്റത്ത് ഇടഞ്ഞ മണികണ്ഠന്റെ തുമ്പിക്കും കൊമ്പിനും ഇടയിൽ നിന്ന് പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. അതിന് ശേഷവും മണികണ്ഠനെ എഴുന്നള്ളിപ്പിന് അയച്ചു നോക്കി. അക്രമസ്വഭാവം കാരണം പിന്നീട് വിട്ടിട്ടില്ല. ചികിൽസയും മറ്റുമായി ഓമല്ലൂരിൽ തന്നെ തുടർന്നു. എരണ്ടകെട്ടാണ് മരണത്തിലേക്ക് നയിച്ചത്.
കൊച്ചയ്യപ്പനെ കൊണ്ടു പോയത് ഹെർപിസ്
കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കൊച്ചയ്യപ്പൻ എന്ന കുട്ടിക്കൊമ്പൻ ഇന്നലെ രാവിലെ ആറരയോടെ ആണ് ചരിഞ്ഞത്. ഹെർപിസ് രോഗബാധയെ തുടർന്നാണ് ആനക്കുട്ടി ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പതിവായുള്ള പ്രഭാത നടത്തം ഉൾപ്പെടെ ഉള്ള വ്യായാമങ്ങൾക്ക് ശേഷം തറിയിൽ കെട്ടിയിരുന്ന ആനക്കുട്ടിയാണ് ചരിഞ്ഞത്. കോന്നി വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ സിബി, കോട്ടൂർ ആനത്താവളത്തിലെ വെറ്റിനറി ഓഫീസർ ഡോ. അരുൺ കുമാർ, പത്തനംതിട്ടയിലെ വെറ്റിനറി ഡോക്ടർമാരായ രാഹുൽ, ഷബീന തുടങ്ങിയവർ അടങ്ങിയ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം കുമ്മണ്ണൂർ വനത്തിൽ മറവ് ചെയ്തു. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ, ഡി.എഫ്. ഒ ആയുഷ് കുമാർ കോറി അടക്കമുള്ളവർ സ്ഥലത്തെത്തി. പ്രിയദർശനി(42),മീന (34),ഈവ(23),കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് കോന്നിയിൽ അവശേഷിക്കുന്നത്. 2015 ൽ കുട്ടിയാന ലക്ഷ്മി, 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആനകളായ മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് ആനത്താവളത്തിൽ ചരിഞ്ഞത്. ഇവിടെ ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മണി എന്ന കൊമ്പനാന എരണ്ടകെട്ടിനെ തുടർന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂനിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു. ഹെർപിസ് രോഗബാധയെ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചെരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുളവാക്കിയിരുന്നു.
കൊച്ചയ്യപ്പനെ കാണാനും അവന്റെ കുസൃതികൾ അനുഭവിക്കുന്നതിനുമായിട്ടാണ് സഞ്ചാരികൾ ആനത്താവളത്തിൽ എത്തിയിരുന്നത്. കുട്ടിയാന ചരിഞ്ഞതിനെ തുടർന്ന് ഇന്നലെ ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിച്ചില്ല. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. ആനക്കൂട്ടം തേടി വരാതിരുന്നതു കൊണ്ട് ആനക്കൂട്ടിലേക്ക് മാറ്റി സംരക്ഷണം നൽകി. ഇടയ്ക്കിടെ കുട്ടിയാന രോഗബാധിതനായിരുന്നു. കുട്ടിയാനയെ ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് ചരിഞ്ഞത്. എരണ്ട കെട്ടു മൂലം ഇതിനു മുൻപും ഏറെ കുട്ടിയാനകൾ ഇവിടെ ചരിഞ്ഞിട്ടുണ്ട്. ഇവയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഒന്നും തന്നെ പുറംലോകം കണ്ടിട്ടില്ല. കോന്നി ആനത്താവളം പിന്നീട് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമാക്കി. ആനകളെ നോക്കാൻ സ്ഥിരവും താൽക്കാലികവുമായി നിരവധി ജീവനക്കാർ ഉണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികൾ ആണ് ആനകളെ അടുത്ത് കാണുവാൻ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ കോന്നി ആനത്താവളത്തിൽ എത്തുന്നത്. അശാസ്ത്രീയമായ പരിപാലനമാണ് കാട്ടാനകളുടെ മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. അവയുടെ ആവാസവ്യവസ്ഥയിൽ നിന്നും നാട്ടിലേക്ക് എത്തുന്നതോടെ ഇവയുടെ പ്രതിരോധശേഷി അടക്കം നഷ്ടമാകും. തെറ്റായ ചികിൽസാ രീതികളും ആനകളുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം.


