പത്തനംതിട്ട: ഇന്ത്യൻ സ്വാതന്ത്യ സമരം സംഭാവന ചെയ്ത മുദ്രാവാക്യങ്ങളാണ് വന്ദേമാതരവും, ഭാരത് മാതാ കീ ജയ് എന്നിവ എന്നും ഇത് നിരോധിക്കാൻ സംസ്ഥാനങ്ങൾ ഭരിക്കുന്ന ഏതെങ്കിലും കോൺഗ്രസ്, സിപിഎം സർക്കാരുകൾക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ചോദിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസിന് ഒപ്പം നിന്ന സി.പി.ഐ ഭാരത മാതാവിനെ എതിർക്കുന്നതിൽ അതിശയമില്ല. അവർക്ക് ഭാരതമാതാവ് ഇന്ദിരയാണ്. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം കോൺഗ്രസിന് ഒപ്പം നിന്ന് വിളിച്ചവരാണ് അവർ. നിയമാനുസൃതമായി 1975ൽ നിയമസഭാ കാലഘട്ടം പൂർത്തീകരിക്കേണ്ട അച്യുതമേനോൻ മന്ത്രിസഭ അടിയന്തരാവസ്ഥ മുതലെടുത്ത് 1977 മാർച്ചു വരെ തുടർന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്നും ജോർജ് കുര്യൻ ചോദിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നിവ. അതിനു ശേഷം കഴിഞ്ഞ 78 വർഷത്തിനുള്ളിൽ ഒരു കോൺഗ്രസുകാരനും ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ കോൺഗ്രസും സി.പി.എമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭാരത് മാതാ കീ ജയ് വിളി നിരോധിക്കുവെന്ന് ജോർജ് കുര്യൻ വെല്ലുവിളിച്ചു. ഭാരതത്തിന്റെ അതിർത്തി കാക്കുന്ന ജവാന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടു നോക്കൂ. നിശ്ചിത അകലത്തിൽ നിന്ന് വേണം ചോദിക്കാൻ. ഗ്രീക്കു ദേവതയെ നീതി ദേവതയായി അംഗീകരിക്കാമെങ്കിൽ എന്തുകൊണ്ട് ഭാരത് മാതാവിനെ അംഗീകരിച്ചു കൂടാ. ഭാരത് മാതാവ് കഴിഞ്ഞിട്ടെയുള്ളു എല്ലാമെന്നും ജോർജ് കുര്യൻ പറഞ്ഞു.
അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഏകാതിപത്യത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത് മാതാ കീ ജയ്, വന്ദേ മതരം, ജയ പ്രകാശ് നാരായണൻ കീ ജയ് എന്നിവ. ഈ മുദ്രാവാക്യങ്ങൾ വിളിക്കുന്നവരെയെല്ലാം തുറുങ്കിൽ അടയ്ക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്.
പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ഹനിച്ച നാളുകളായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണം തടയാൻ വൈദ്യുതി വിശ്ചേദിച്ച നാളുകൾ. ആ കാലത്ത് സ്‌കൂൾ വിദ്യാർത്ഥിയായ തന്നെ തേടി എത്തിയത് ജനസംഘം, ആർ.എസ്.എസ് പ്രവർത്തകർ മത്രമായിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ അടിയന്തരാവസ്ഥ കാലത്ത് ഏകീകരിച്ച ജയ പ്രകാശ് നാരായണന്റെ അണികളായിരുന്നു ഞങ്ങളെന്നും ജോർജ് കുര്യൻ പറഞ്ഞു.

ഭാരത് മാതാവ് എന്ന സങ്കൽപ്പം ഭരണഘടനയിൽ ഉണ്ടൊ എന്ന ചോദ്യത്തിന് മറുപടിയായി സ്വാതന്ത്ര്യ സമരകാലത്ത് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചത് ഏത് ഭരണഘടനയെ അനുസരിച്ചാണെന്ന മറുചോദ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രി മറുപടി നൽകി. ഭാരത് മാതാവിന്റെ കൈയ്യിലെ ഭഗവത് ധ്വജം അനാദികാലം മുതൽ ഭാരതത്തിൽ നിലനിന്ന കൊടിയാണ്. ഛത്രപതി ശിവജി എന്തിയ ധ്വജമാണ്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ഭരണഘടനയെ കൊന്നു. അവസരം ലഭിച്ചാൽ ഇനിയും അവർ ഭരണഘടനാ ഹത്യ നടത്തും. ഏകാധിപത്യമാണ് കോൺഗ്രസിൽ നടക്കുന്നത്. കുടുംബവാഴ്ച ഇല്ലാത്ത കാലം ഉണ്ടായിട്ടില്ല. സാരഥ്യത്തിൽ ഇല്ലെങ്കിൽ പിന്നിൽ നിന്നും അവർ പറയുന്ന വിധത്തിൽ ഭരണം നടത്തുകയാണ് രീതി. ഏകാധിപത്യത്തിന്റെ ജീൻ ഇന്നും അവരിൽ നിലനിൽക്കുന്നു-അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ആയിരൂർ എന്നിവരും കേന്ദ്രമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ നന്ദി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

