ന്യൂയോർക്ക് – അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകൾക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പ്രവേശിച്ചതോടെ ലോസ് ആഞ്ജലീസിൽ കർഫ്യു പ്രഖ്യാപിച്ചു. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ലോസ് ആഞ്ജലീസ് മേയർ കരെൻ ബാസ് കർഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടുമുതൽ രാവിലെ ആറുമണി വരെയാകും കർഫ്യു. എന്നാൽ ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കർഫ്യു ഉണ്ടാകില്ല. പകരം നഗരത്തിലെ പൊതുവിടങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്.
കലാപം നേരിടാൻ 4000 നാഷണൽ ഗാർഡുകളെയും യു.എസ് സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും ഡൊണാൾഡ് ട്രംപ് ലോസ് ആഞ്ജലീസിലേക്ക് അയച്ചിരുന്നു. പ്രക്ഷോഭകർ സമരവും പ്രതിഷേധവും അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാന പാലനം സൈന്യത്തിനെ ഏൽപ്പിക്കുന്ന ഇൻസറക്ഷൻ ആക്ട് നടപ്പിലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിച്ചതിനെതിരേ ഡെമോക്രാറ്റിക് പാർട്ടി വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ പ്രതികരണം.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിൻ അമേരിക്കൻ വംശജർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതൽ വ്യാപക പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നുറപ്പ്. നിയമ വിധേയമായി അല്ലാതെ ഏതൊരു രാജ്യത്തേക്കും നുഴഞ്ഞു കയറുന്നത് രാജ്യദ്രോഹ നടപടിയാണ്.


