വിരമിച്ച ജീവനക്കാരന് മെഡിസെപ്പ് മുഖേനെയുള്ള ചികിൽസാ ചെലവുകൾ നിഷേധിച്ചു : പരാതിക്കാരന് 92,128 രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala Pathanamthitta

പത്തനംതിട്ട: മെഡിസെപ്പ് ഇൻഷുറൻസിൽ അംഗമായിരുന്നയാള്‍ക്ക് ചികില്‍സാ ചെലവുകള്‍ നിഷേധിച്ചതിന് നല്‍കിയ ഹര്‍ജിയില്‍ മെഡിസെപ്പ് ചെയര്‍മാന്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് 92,128 രൂപ നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. കുമ്പഴ വടക്ക് വീരംപറമ്പില്‍ സി.എം തോമസ് കമ്മിഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. പരാതിക്കാരന്‍ സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അംഗമാണ്. 2022 ജൂണിലാണ് മെഡിസെപ്പ് സ്‌കീമില്‍ അംഗമായത്.

ജൂലൈയില്‍ വിരമിച്ചു. 500 രൂപ മാസം തോറും പോളിസി വിഹിതമായി ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. 2023 ജുലൈ 27 ന് തോമസിനെ പനിയും ചുമയും ബാധിച്ച് പത്തനംതിട്ട മുത്തുറ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പരിശോധനയില്‍ ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് മനസിലായി 29 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സ നടത്തി. ഡിസ്ചാര്‍ജ് ആയപ്പോള്‍ ആശുപത്രി അധികൃതര്‍ 38,360 രൂപായുടെ ബില്‍ നല്‍കി. അഡ്മിറ്റ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ പറഞ്ഞത് താങ്കള്‍ മെഡിസെപ്പിന്റെ ഉപഭോക്താവായതിനാല്‍ ചികിത്സാ ചിലവ് അവര്‍ തന്നു കൊളളും എന്നാണ്. ആശുപത്രി അധികൃതര്‍ ബില്ലും മറ്റ് പോളിസി രേഖകളും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് അയച്ചു കൊടുത്തെങ്കിലും അന്നേ ദിവസം രാത്രി ഒമ്പതിനാണ് ഇന്‍ഷുറന്‍സ് കമ്പനി ബില്ലുകള്‍ നിരസിച്ചതായി അറിയിപ്പ് ആശുപത്രിയില്‍ ലഭിച്ചത്.

ഇദ്ദേഹത്തിന്റെ കൈവശം ബില്ല് അടയ്ക്കാന്‍ പണം ഇല്ലാതിരുന്നതിനാലും മറ്റാരും കൂട്ടത്തില്‍ സഹായിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടും ആശുപത്രിക്കാര്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തില്ല. ജൂലൈ 31 നാണ് പിന്നെ ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാമതും ആശുപത്രിയില്‍ കിടന്നതു വഴി 8768 രൂപ കൂടി ബില്‍ ആയി. ഇതു കാരണം തനിക്ക് പണനഷ്ടവും മാനസികവിഷമവും ഉണ്ടായി. അതിനു പരിഹാരം ഉണ്ടാകണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

ഇരുകക്ഷികള്‍ക്കും ഹാജരാകാന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചു. എതിര്‍കക്ഷി ഹാജരായി അവരുടെ ഭാഗം തെളിവുകള്‍ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി കക്ഷി ചികിത്സ തേടിയ ആശുപത്രി ഗവണ്‍മെന്റ് എം പാനല്‍ ചെയ്തതാണെന്നും ബില്ലുകള്‍ നിരസിക്കാന്‍ കാരണം ഹര്‍ജികക്ഷി നേരത്തേ പുകവലിക്കാരന്‍ ആയതു കൊണ്ടാണെന്നും കമ്മിഷന് ബോദ്ധ്യമായി. എന്നാല്‍ ഹര്‍ജികക്ഷി പുകവലിക്കാരന്‍ ആണെന്നു തെളിയിക്കാനുളള ഒരു രേഖയും കമ്മിഷനില്‍ ഹാജരാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ ഭാഗം തെളിവിലേക്ക് ഡോക്ടര്‍മാരെ വിസ്തരിക്കുന്നതിനും തയാറായില്ല. ഹര്‍ജികക്ഷിക്ക് രോഗങ്ങള്‍ എല്ലാം വന്നത് പുകവലിക്കാരന്‍ ആയതു കൊണ്ടു മാത്രമാണെന്ന് വിശ്വസിക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല. മെഡിസെപ്പിന്റെ ആനുകൂല്യങ്ങള്‍ എല്ലാം കിട്ടാന്‍ അര്‍ഹതയുള്ള ആശുപത്രിയിലാണ് ഹര്‍ജികക്ഷി അഡ്മിറ്റ് ആയത്. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം ബില്‍ അടക്കാന്‍ മാര്‍ഗം ഇല്ലാത്തതു കൊണ്ട് മൂന്നു ദിവസം കൂടി സീനിയിര്‍ സിറ്റിസണ്‍ ആയ പരാതിക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും അതിന്റെ കൂടി ബില്‍ കൊടുക്കേണ്ടി വരികയും ചെയ്തു.

ഇത് അന്യായമായ വ്യാപാരതന്ത്രവും സര്‍വീസിലെ പോരായ്മയാണെന്നും കമ്മിഷന്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് 47,128 രൂപാ ആശുപത്രി ബില്ലും 25,000 രൂപ നഷ്ടപരിഹാരവും, 20,000 രൂപ കോടതി ചെലവും സഹിതം 92,128 രൂപ ഹര്‍ജികക്ഷിക്ക് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *