പത്തനംതിട്ട – ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കിൽ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളിൽ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശേരി എംടിഎൽപി സ്‌കൂൾ, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂൾ, കുറ്റൂർ സർക്കാർ ഹൈസ്‌കൂൾ, നിരണം സെന്റ് ജോർജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പിആർഡിഎസ് സ്‌കൂൾ, കോന്നി താലൂക്കിൽ തണ്ണിത്തോട് പകൽവീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 67 പുരുഷന്മാരും 56 സ്ത്രീകളും 17 കുട്ടികളുമുൾപ്പെടെ 140 പേരാണ് ക്യാമ്പിലുള്ളത്.
മഴക്കെടുതി: ജില്ലയിൽ 197 വീടുകൾ ഭാഗികമായി തകർന്നു
ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ രണ്ടു വീതം വീടുകൾ പൂർണമായി തകർന്നു. ആറ് താലൂക്കുകളിലായി 197 വീടുകൾ ഭാഗികമായും തകർന്നു. തിരുവല്ല 53, റാന്നി 37, അടൂർ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.
ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും 677 ലോടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്ഫോർമറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, കൺട്രോൾ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾ നശിച്ചു. 1676 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബർ എന്നിവയാണ് കൂടുതൽ നശിച്ചത്.


