ഭോപ്പാൽ – മദ്ധ്യപ്രദേശിലെ ട്രൈബൽ വെൽഫെയർ ക്യാബിനറ്റ് മിനിസ്റ്ററായ, ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മദ്ധ്യപ്രദേശ് ഹൈക്കോടതി. കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയതിനാണ് കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ, കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ പൊതുപരിപാടിയിൽ വെച്ച് വിജയ് ഷാ പറഞ്ഞത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയ ഭീകരരെ പാഠം പഠിപ്പിക്കാനായി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്‌തിരുന്നു. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ.
പാകിസ്ഥാനെതിരെ രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ – വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനങ്ങളിലൂടെയാണ് കേണൽ സോഫിയ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരണത്തിനായി കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാൻഡർ വ്യോമിക സിംഗിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. പലതവണ ഇവരുവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപ്‌സ് ഒഫ് സിഗ്നൽസിൽ’ നിന്നുള്ള ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാർച്ചിൽ, അന്ന് ലെഫ്റ്റനന്റ് കേണൽ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയ ഖുറേഷിയുടെ ഭർത്താവ് കേണൽ താജുദ്ദീൻ ബാഗേവാഡി കർണാടകയിലെ ഗോകാക് താലൂക്കിൽ കൊന്നൂർ ഗ്രാമവാസിയാണ്. എല്ലാ വർഷവും ഗ്രാമം സന്ദർശിക്കാറുള്ള ഇവർക്ക് ഗ്രാമവാസികളുടെ ഹൃദ്യമായ സ്വീകരണമാണ് കിട്ടാറുള്ളത്. കൊന്നൂരിന്റെ മരുമകളായ സോഫിയ ഖുറേഷിയെക്കുറിച്ചു ഗ്രാമവാസികൾക്ക് പറയാൻ ആയിരം നാവാണ്.


