കണ്ണൂർ – നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ വരന്റെ ബന്ധുവായ സ്ത്രീ പോലീസ് പിടിയിലായി. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം കാണാതായത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങൾ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പിൽനിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽനിന്ന് ആറുപേരുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പിടിയിലായ പ്രതിയുടെ വിരലടയാളവും ഉൾപ്പെടും. കൂടുതൽ പരിശോധനയ്ക്കായി പ്രതിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോഴും സംശയം ഇരട്ടിച്ചു. കല്യാണദിവസം എപ്പോഴാണ് മടങ്ങിയത് എന്ന ചോദ്യത്തിന് വൈകിട്ട് എന്നാണ് പ്രതി മറുപടി പറഞ്ഞത്. എന്നാൽ രാത്രി ഒമ്പതുവരെ ഇവർ വിവാഹവീട്ടിലുണ്ടായിരുന്നു. അതോടെ പോലീസ് ഉറപ്പിച്ചു ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി.


