ഞങ്ങളെ വിട്ടുപോയിട്ട് ഒരുവർഷം ; സ്മരണാഞ്ജലികൾ.

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ വിടവാങ്ങിയിട്ട് ഇന്ന് (മെയ് 8) ഒരു വർഷം. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിൽ ജനിക്കുകയും അത്മീയയാത്ര റേഡിയോ പരിപാടിയിലൂടെ ജനക്കോടികളുടെ മനസ്സിലിടം പിടിച്ച ഈ അത്മീയ പിതാവിന്റെ ജീവിതം ലളിതവും സൗമ്യവും ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എടത്വ തലവടി ഗ്രാമങ്ങളെയും കണ്ണീരിലാഴ്ത്തിയിരുന്നു. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജലോത്സവവും തലവടി ചുണ്ടൻ വള്ളം നിർമ്മാണ സമിതിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യുവാനും ഒക്കെ അദ്ദേഹം എത്തിയിരുന്നു.

( ഫയൽ ചിത്രം ) – ഔദ്യോഗിക ബഹുമതികളോടെ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ കബറടക്കം.

അന്തർദ്ദേശീയ തലത്തിൽ വ്യാപിച്ചു കിടക്കുന്ന പ്രസ്ഥാനത്തിന്റെ പരമാധ്യക്ഷൻ ആയിരുന്നപ്പോൾ നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. പ്രതിസന്ധികളെ വെല്ലുവിളികളായി ഏറ്റെടുത്ത് ദൗത്യനിർവഹണത്തിൽ ദൈവാശ്രയം മാത്രം കൈമുതലാക്കി അശരണർക്ക് ആശാദീപവും ഒരു കാലഘട്ടത്തിന്റെ ശബ്ദവുമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജീവിതം വരും തലമുറയ്ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.ആശയത്തിലും ആവിഷ്കാരത്തിലും വൃത്യസ്തമായ തനിമ സൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമയും തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ട വരെയും നെഞ്ചോട് ചേർത്ത് പിടിച്ച മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്കും വിശ്വാസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ് വരുത്തിയത്.

ചിത്രം – ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ കബറിടം

എളിമയുടെ പര്യായം ആയിരുന്ന അഭിവന്ദ്യ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതവും സന്ദേശവും വരും തലമുറയ്ക്ക് ഒരു പാഠപുസ്തകം ആയിരിക്കും. പരിസ്ഥിതിയെ ജീവിതത്തിനൊപ്പം ചേർത്ത് നിർത്തി പ്രകൃതിയുടെ ഹൃദയമിടിപ്പുകൾ തിരിച്ചറിഞ്ഞിരുന്ന ആത്മീയ ആചാര്യൻ നട്ട് പരിപാലിച്ച വൃക്ഷതൈകൾ ഇന്ന് തണലായും പക്ഷികൾക്ക് കൂട് ഒരുക്കാൻ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

പല വേദികൾ ഒരുമിച്ച് പങ്കിടുന്നതിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോരുത്തോടും വിനയാന്വിതനായി പെരുമാറിയും നർമ്മം ചേർത്ത് നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ ഒരിക്കലും മറക്കാനാവില്ലയെന്നും പ്രസ്ഥാനത്തിന് ഒഴുക്കിയ ഓരോ വിയർപ്പ് തുള്ളിയും അശരണരായ ജനലക്ഷങ്ങളുടെ ഉന്നമനത്തിനായി മാറ്റപ്പെടുമെന്ന് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *