ജീവിക്കാൻ സുരക്ഷിതമല്ലാത്ത നാടായി കേരളം മാറിയോ ? കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറിനെയും ഭാര്യയേയും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

Crime

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഓർമ്മ വന്നത്. കേരളത്തെ കണ്ടു മറ്റുള്ളവർ അതിശയിക്കുന്നെന്ന് !! എങ്ങനെ അതിശയിക്കാതിരിക്കും ? രാത്രികളിൽ റോഡുകളിലൂടെ ഗുണ്ടകളെയും, സ്വർണം കടത്തുകാരെയും പേടിച്ചു വാഹനം ഓടിക്കാനാകാത്ത അവസ്ഥ. വീടുകളിൽ സമാധാനത്തോടെ കിടന്നുറങ്ങാനാകാത്ത അവസ്ഥ. കുഞ്ഞുങ്ങളെ തനിയെ വീടിനു പുറത്തേക്ക് വിടാനാകാത്ത അവസ്ഥ. പിരിവുകാരെന്ന വ്യാജേന ദിനവും വീടുകളിലേക്ക് കടന്നുവരുന്ന ക്രിമിനലുകൾ. ചുറ്റിനും ഭീകരാവസ്ഥ. കാറ്റിനെപ്പോലും പേടിക്കേണ്ട അവസ്ഥ. ഇതൊക്കെ കണ്ടിട്ടാകണം കേരളത്തെ കണ്ടിട്ട് മറ്റുള്ളവർ അതിശയിക്കുന്നെന്ന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് . !!

കോട്ടയത്തെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര (60) യുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് വിജയകുമാറിനെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

രക്തംവാർന്ന നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ. വീട്ടിലെ ആദ്യത്തെ മുറിയിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മീരയുടെ മൃതദേഹം. മൃതദേഹങ്ങളിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. മുഖം വികൃതമാക്കിയ നിലയിലുമായിരുന്നു. പ്രാഥമികപരിശോധനയിൽ തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, വീടിന്റെ പിറകുവശത്തുനിന്ന് ഒരു കോടാലി കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, ഒരു ഇതരസംസ്ഥാന തൊഴിലാളി നേരത്തേ വിജയകുമാറിനൊപ്പം ജോലിക്കുണ്ടായിരുന്നതായും ഇയാളെ അടുത്തിടെ പറഞ്ഞുവിട്ടിരുന്നതായും നാട്ടുകാരിൽ ചിലർ മാധ്യമങ്ങളോട് പറഞ്ഞു. തിരുവാതുക്കലിലെ വീട്ടിൽ ദമ്പതിമാർ മാത്രമായിരുന്നു താമസം. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മകനും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. നാട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും പോലീസ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *