പത്തനംതിട്ട – വള്ളിക്കോട് മാമൂട് കുടമുക്ക് ലക്ഷംവീട് കോളനി നമ്പർ ആറിൽ താമസിക്കുന്ന അഭിജിത് (24) ആണ് പിടിയിലായത്. വള്ളിക്കോട് നന്ദപ്പള്ളിയിൽ 2020 ഡിസംബർ 9 ന് പകൽ 11.30 നാണ് പീഡനം നടന്നത്. കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഇരയായ പതിനാറു തികയാത്ത പെൺകുട്ടിയുടെ മൊഴിപ്രകാരം, സംഭവം നടന്നത് പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, ഇവിടെ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫേസ്ബുക് വഴിയും, മൊബൈൽ ഫോണിലൂടെയും പിന്തുടർന്ന പ്രതി, പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ മൊഴി കൊടുമൺ സ്റ്റേഷന്റെ അപേക്ഷ പ്രകാരം കോടതിയിൽ നേരത്തെ രേഖപ്പെടുത്തിരുന്നു. തുടർന്ന്, പത്തനംതിട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ കുടമുക്കിൽ നിന്നും പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


