കോട്ടയം – എലിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഇളങ്ങുളം സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് കേസിലെ മുഖ്യപ്രതിയും അക്കാലത്തെ ബാങ്ക് സെക്രട്ടറിയുമായിരുന്ന പനമറ്റം മുളങ്കുന്നത്തുപറമ്പിൽ ഗോപിനാഥൻ നായർ 27 വർഷങ്ങൾക്കു ശേഷം പിടിയിലായി. 1993 മുതൽ 97 വരെ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേട് കേസിലെ മുഖ്യ പ്രതിയാണ് ഗോപിനാഥൻ നായർ. യുഎസിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് വിജിലൻസ് കോട്ടയം യൂണിറ്റ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇത്രയും കാലം വിദേശത്താണ് ഒളിവിൽ കഴിഞ്ഞതെന്ന് പ്രതി പറഞ്ഞു.
12 കോടി രൂപയുടെ തട്ടിപ്പിൽ രണ്ടു കോടിയിലധികം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 12 കേസുകളുണ്ടെന്ന് വിജിലൻസ് പറഞ്ഞു. കേസുകളിൽ ഒന്നാം പ്രതിയായതോടെ 1998ൽ ഒളിവിൽപോയ ഗോപിനാഥൻ നായർക്കെതിരെ 38 അറസ്റ്റ് വാറന്റുകളും ഇന്റർപോൾ മുഖേന തിരച്ചിൽ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് മടങ്ങുന്നതിനു ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ അമേരിക്കയിലേക്കുള്ള യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു.


