ഗൾഫിലെ ജോലിയെക്കാളും കൂടുതൽ സമ്പാദിക്കാമെന്ന് മനസിലായപ്പോൾ നാട്ടിലെത്തി എംഡിഎംഎ വിൽപ്പന തുടങ്ങി ; രക്ഷപെടാനുള്ള ശ്രമം മരണത്തിലേക്ക്

Kerala Kozhikkodu

കോഴിക്കോട്: പോലീസ് പിടിക്കുമെന്നായപ്പോൾ രക്ഷപ്പെടുന്നതിനായി കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മുമ്പ് ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളിൽ ഇയാൾ വ്യാപകമായി എംഡിഎംഎ വിൽക്കുന്നതായി നാട്ടുകാർ നേരത്തേ പരാതി ഉയർത്തിയിരുന്നുവെന്നാണ് വിവരം.

മൈക്കാവ് സ്വദേശി ഷാനിദ് ആണ് ഉയർന്ന തോതിൽ എംഎഡിഎംഎ വയറ്റിലെത്തി മരണപ്പെട്ടത്. വെള്ളിയാഴ്ച പോലീസ് പട്രോളിങ്ങിനിടെയാണ് അമ്പായത്തോട്ടുവെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ഷാനിദിനെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ടയുടൻ തന്നെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികൾ എടുത്ത് വിഴുങ്ങിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതുകണ്ട പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടുകയായിരുന്നു.

പോലീസ് പിടികൂടിയപ്പോൾത്തന്നെ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് പറഞ്ഞതിനാൽ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതിഗതികൾ സങ്കീർണമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് എൻഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റിൽ രണ്ടു പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

രണ്ടു കവറുകളിലായി എംഡിഎംഎയാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. മുകൾഭാഗം അമർത്തിയൊട്ടിക്കുന്ന തരത്തിലുള്ള സിപ് കവറുകളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ പത്തുമണിയോടുകൂടിയാണ് ഷാനിദ് മരിക്കുന്നത്.

ഗൾഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടിൽ വന്ന ശേഷമാണ് ഷാനിദ് ലഹരിമരുന്ന് വിൽപനയിൽ സജീവമാകുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലോടു കൂടിയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഉയർന്നതോതിൽ എംഡിഎംഎ വയറ്റിൽ കലർന്നതാണ് 24 മണിക്കൂറിനകം മരണത്തിനിടയാക്കിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി ഷാനിദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഷാനിദ് നാട്ടുകാർക്ക് സുപരിചിതനായിരുന്നില്ലെന്നാണ് അയാൾ താമസിച്ചിരുന്ന വീടിന് സമീപമുള്ളവർ പറയുന്നത്. അമ്പായത്തോട് പാറമ്മൽ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടിൽ പിതൃമാതാവിനൊപ്പമായിരുന്നു ഷാനിദ് താമസിച്ചിരുന്നതെന്നാണ് വിവരം. ഷാനിദിന് ലഹരിമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായി പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നാണ് അയാളുടെ മുത്തശ്ശി പറയുന്നത്.

പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടിൽ എത്തിയിരുന്നത്. വൈകിയതിന്റെ പേരിൽ ശകാരിക്കാറുണ്ടായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെടുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. വീട്ടിൽ ഇതുവരെ ലഹരി വസ്തുകൾ കൊണ്ടുവരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് ഷാനിദിന്റെ മുത്തശ്ശി പറയുന്നത്.

രണ്ടു വർഷത്തിലധികമായി ഷാനിദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി അയാൾക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇടയ്ക്ക് വരുന്നത് പോകുന്നതും കാണുന്നത് മാത്രമാണ് നാട്ടുകാർ കണ്ടിട്ടുള്ളതെന്നാണ് പരിസരവാസിയായ വ്യക്തി പറഞ്ഞത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട ആളുകളുടെ സാന്നിധ്യം സംബന്ധിച്ച സംശയം പോലീസിൽ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷാനിദ് സിന്തറ്റിക് ലഹരിയുടെ ഇരയാണെന്നും പോലീസും എക്സൈസും കാര്യക്ഷമമായി ഇടപെടൽ നടത്തണമെന്നുമാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഷാനിദ് ഉൾപ്പെടുന്ന കണ്ണിയിൽ ഇനിയും നിരവധി ആളുകളുണ്ട്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ച് കൂടി കാര്യക്ഷമമായ ഇടപെടൻ അത്യാവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഷാനിദിന്റെ വയറ്റിൽ ചെന്നിരിക്കുന്നത് എംഡിഎംഎ ആണോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധൻ ഡോ. സുൽഫി നൂഹ് പ്രതികരിച്ചത്. ഷാനിദ് പറഞ്ഞതുപ്രകാരം രണ്ടുപൊതി എംഡിഎംഎ മുഴുവനായും വിഴുങ്ങിയെങ്കിൽ അത് വലിയ അളവ് തന്നെയാണെന്ന് ഡോക്ടർ പറയുന്നു. ‘എംഡിഎംഎ പോലുള്ള ലഹരിമരുന്നുകൾ വളരെയെളുപ്പം ലഭിക്കുന്നു എന്നതാണ് ഷാനിദിന്റെ മരണം സൂചിപ്പിക്കുന്നത്. ഉപയോഗിക്കുന്നവർക്ക് ഇത്തരം ലഹരികളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമിതമായ അളവിൽ ലഹരി അകത്തെത്തിയാൽ ജീവൻ രക്ഷിക്കാൻ കഴിയില്ല’- ഡോ. സുൽഫി നൂഹ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *