ഇലന്തൂർ – ദേശം വാഴുന്ന ഭഗവതി കാവിലമ്മയ്ക്ക് ദേശമക്കളുടെ കാലവഴിപാടായ പടയണി സമർപ്പണത്തിനു ഇലന്തൂർക്കാവിലമ്മയെ ചൂട്ടുകറ്റയിൽ കൊട്ടി വിളിച്ച് കളത്തിലേക്ക് ആനയിക്കുന്ന ചൂട്ടു വെയ്പ്പ് ചടങ്ങ് ഭഗവതികുന്നിൽ നടന്നു. മിനിഞ്ഞാന്ന് രാത്രിയിൽ കരയുണർത്തലോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി, കുംഭമാസത്തിലെ ഭരണി നാളിൽ ചൂട്ട് വെച്ചിറങ്ങുന്ന കുന്നിലമ്മയുടെ തിരുമുമ്പിൽ ഇനിയുമുള്ള പന്ത്രണ്ട് പടയണി രാവുകളിലും വ്യത്യസ്ഥമായ പടയണി ചടങ്ങുകൾക്ക് കരക്കാർ സാക്ഷിയാകും. ഇന്നലെ വൈകുന്നേരം മലനടയിൽ ഊരാളി പടയണിയും, കാവിനും കരയ്ക്കും കാവൽ നിൽക്കുന്ന മലകളെ വിളിച്ചുണർത്തുന്ന പുരാതന സംസ്കൃതിയുടെ പിതൃപൂജയായ മലയാരാധനയും നടന്നു.

ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭഗവതിക്ക് മുന്നിൽ കത്തിനിൽക്കുന്ന നിലവിളക്കിൽ നിന്ന് മേൽശാന്തി നാരായണമംഗലത്തില്ലം ഹരികൃഷ്ണൻ പോറ്റി പകർന്നു നൽകിയ ദീപത്തിൽ നിന്നും കൊളുത്തിയ ചൂട്ടുകറ്റ പടയണി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ് കുമാർ ഏറ്റുവാങ്ങി. ചൂട്ടുകറ്റ ഏറ്റു വാങ്ങിയതോടെ കരവാസികൾ ആർപ്പും കുരവയുമായി കാവുണർത്തി ചൂട്ട് വലത്തോടെ പടേനിക്കളത്തിലെ കന്നിക്കോണിൽ കരക്കാരുടെ അനുവാദത്തോടെ ചൂട്ടുകറ്റ സ്ഥാപിച്ചു. പച്ച തപ്പിൽ ജീവ കൊട്ടിയതോടെ പടയണിക്കും തുടക്കമായി. ഇനിയുള്ള മൂന്നു രാവുകളിലെ കാവുണർത്തലിന് ശേഷം എട്ട് പടേനിക്ക് തുടക്കം കുറിച്ച് കൊണ്ട് മാർച്ച് 7 വെള്ളിയാഴ്ച കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ കൊട്ടും, പാട്ടും, കുരവയുമായി പടയണിക്കളത്തിലേക്ക് കരകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദേവതമാരുടെ വരവായി.



ഒന്നാം പടയണി മാർച്ച് 7 നും, തൻകര പടേനി മാർച്ച് 8 നും, മേക്ക് കര പടേനി മാർച്ച് 9 നും നടക്കും. വലിയ പടേനി മാർച്ച് 14 നാണ് .
What do you feel about this post?
Like
Love
Happy
Haha
Sad

