പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയായ തിരുവല്ല കുമ്പഴ റോഡിന്റെ കോഴഞ്ചേരി മുതൽ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ വരെയുള ഭാഗം പുനരുദ്ധാരണത്തിനായി ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 12.67 കിലോമീറ്ററോളം നീളം വരുന്ന റോഡിന്റെ ഈ ഭാഗം. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനവും ശബരിമല തീർത്ഥാടനകാലത്ത് വൻതോതിൽ യാത്ര ചെയ്യുന്നതുമായ ഒരു റോഡ് ആയതിനാൽ അനേകം പേർക്ക് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള റോഡിൻ്റെ ഉപരിതലത്തിൽ 40 എം.എം. കനത്തിൽ ബിസി ചെയ്യുന്നതാണ്. 230 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനും ഏഴു കലുങ്കുകളുടെ പുനരുദ്ധാരണത്തിനും 600 മീറ്റർ ഓട നിർമ്മാണം 2070 മീറ്റർ ഐറിഷ് ഓട നിർമ്മാണം 300 മീറ്റർ നീളത്തിൽ പൂട്ടുകെട്ട് പാകൽ കൂടാതെ ട്രാഫിക് സേഫ്റ്റി പ്രവൃത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി തണുങ്ങാട്ടിൽ പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് പൂട്ടുകട്ട പാകുന്നത്. കൂടാതെ കോഴഞ്ചേരി തിരുവാഭരണ പാതയുടെ ഭാഗമായ മരുത്തൂർകുളങ്ങര ശബരിമല വില്ലേജ് റോഡിൽ കോൺക്രീറ്റ് ചെയ്യുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


