കാലം മാറി.. കലാനിലയവും.. !! കടപ്പാട് – ജി. വിശാഖൻ, സൺഡേ മംഗളം

Kerala Pathanamthitta Special
Print Friendly, PDF & Email

കാലം മാറി.. കലാനിലയവും.. !!
കടപ്പാട് – ജി. വിശാഖൻ, സൺഡേ മംഗളം
ചിത്രങ്ങൾ: ബെന്നി അജന്ത

പത്തനംതിട്ട – മലയാള സിനിമ സെറ്റിട്ട് ഷൂട്ട് ചെയ്യുന്ന കാലത്ത്, നാടക സ്‌റ്റേജിൽ വിമാനം ഇറക്കിയ ആളാണ് കലാനിലയം കൃഷ്ണൻ നായർ. വേദിയിൽ മഴ പെയ്യുമ്പോൾ അതിന്റെ തണുപ്പ് പ്രേക്ഷകനിലേക്കും പടർന്നു. ഘോരരൂപിയായ രക്ഷസ് ചോര വാർന്നെടുക്കുമ്പോൾ കാണികളുടെ സിരകളിൽ ചോരയോട്ടം നിലച്ചിരിക്കും. ഇത് ഇന്ത്യ കണ്ട ഏറ്റവും വലിയ നാടക ഷോമാന്റെ കഥയാണ്. സ്ഥിരം നാടകവേദിയെന്ന സങ്കൽപ്പത്തിൽ കാഴ്ചയുടെ രസക്കൂട്ടുകൾ കൺമുന്നിൽ അവതരിപ്പിച്ച കലാനിലയം കൃഷ്ണൻ നായരുടെ കഥ. നാടകീയതയിൽ നിന്നും നാടകത്തെ മോചിപ്പിച്ച് അത് കാഴ്ചക്കാരന്റെ മനോമുകുരങ്ങളെ ത്രസിപ്പിക്കുന്ന രീതിയിൽ രംഗത്തു കൊണ്ടു വന്നത് കൃഷ്ണൻ നായരാണ്. അദ്ദേഹം മൺമറഞ്ഞിട്ട് 45 വർഷമായി. കാലം ഒരു പാട് മാറി കലാനിലയവും….

രംഗം ഒന്ന്

ലൈറ്റുകൾ അണഞ്ഞ കൊട്ടക. എ.സിയുടെ നേർത്ത തണുപ്പ്. തലയ്ക്ക് മുകളിൽ ഒരു ഇരമ്പം. ശിരസ് പൊന്തിച്ചു നോക്കുമ്പോൾ ഒരു വിമാനം താഴ്ന്നു പറക്കുന്നു. ആകാശത്ത്, ഇരുട്ടിൽ നിരവധി മിന്നാമിനുങ്ങുകൾ പോലെ അതിന്റെ ലൈറ്റ് മിന്നിക്കത്തുന്നു. വിമാനം ലാൻഡ് ചെയ്യുകയാണ്. മുന്നിലെ വേദിയിൽ ഇരുവശത്തേക്കും തെന്നി മാറുന്ന കർട്ടൻ. അതിന് പിന്നിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ മുൻ ഭാഗം. ഗോവണിയിലൂടെ പുറത്തേക്ക് വരുന്ന യാത്രക്കാർ.
ഓരോ മൂന്നു സെക്കൻഡിലും രംഗപടവും രംഗവും മാറുന്നു. വേദിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന മാരുതി വാൻ. 7.1 ശബ്ദവിന്യാസത്തിലൂടെ ദൂരേക്ക് കാർ അകന്നു പോകുന്നത് നമുക്ക് കാണാം… കർട്ടൻ വന്നു മറയുന്നു.

കലാനിലയം കൃഷ്ണൻ നായരുടെ മകനും, ക്രിയേറ്റിവ് ഡയറക്ടറുമായ അനന്തപദ്മനാഭനും, ഏരീസ് ഗ്രൂപ്പ് ഡയറക്ടർ സോഹൻ റോയിയും.

നാടകമാണിത്. ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ്…

സാമൂഹിക മാധ്യമങ്ങളിലും ഇന്റർനെറ്റിന്റെ മാസ്മരിക ലോകത്തും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ രക്തമുറയുന്ന ഹൊറർ സിനിമകളിലും വിഹരിക്കുന്ന പുതുതലമുറയ്ക്ക് രക്തരക്ഷസെന്ന് കേട്ടാൽ ചിരി വരും. അതും ഒരു നാടകമെന്ന് കേട്ടാൽ അത് പൊട്ടിച്ചിരിയായി മാറിയേക്കാം. ഇവിടെ സിനിമ കണ്ടിട്ട് പേടിക്കുന്നില്ല. പിന്നെയല്ലേ, ജാംബവാന്റെ കാലത്തെ നാടകം.  ഇതേ അഭിപ്രായത്തോടെ നാടകം കാണാൻ വന്ന ചില പുതുമുറക്കാർ പുറത്തേക്ക് ഇറങ്ങുമ്പോൾ മന്ത്രിക്കുന്നത് കേട്ടു

‘കിടു’

‘അച്ഛന്റെ ഭാവനയായിരുന്നു, സ്വപ്നമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഷോമാനായിരുന്നു അച്ഛൻ. നട്ടെല്ലായി അമ്മയും ഒപ്പം കൂടിയപ്പോൾ ലോകനാടക ചരിത്രത്തിൽ തന്നെ അത്ഭുതങ്ങൾ പിറന്നു’. കൊട്ടകയ്ക്ക് വെളിയിലിട്ടിരുന്ന പ്ലാസ്റ്റിക് കസേരയിലിരുന്ന് കലാനിലയം അനന്തപത്മനാഭൻ പറഞ്ഞു. പിതാവിന്റെ സ്വപ്നത്തിന് സാക്ഷാൽക്കാരം നൽകുന്ന മകൻ. സിനിമ തീയറ്ററുകളിൽ പോലും ആളു കയറാത്ത കാലത്ത് കലാനിലയത്തിന്റെ നാടകവേദിക്ക് മുന്നിൽ ജനം ക്യൂ നിൽക്കുകയാണ്. അവർക്കറിയണം 52-ാം വയസിൽ രക്തരക്ഷസിന് വന്നിരിക്കുന്ന മാറ്റമെന്താണെന്ന്.

ആധുനികതയും ടെക്‌നിക്കൽ പെർഫക്ഷനും എല്ലാ മേഖലകളിലും കൊണ്ടു വന്നു കഴിഞ്ഞുവെന്ന് അനന്തപത്മനാഭൻ പറയുന്നു. സൗണ്ട് സിസ്റ്റം തന്നെയാണ് മുഖ്യആകർഷണം. പിന്നെ ശീതീകരിച്ച കൊട്ടകയും. രക്ഷസിനെ കണ്ട് ഞെട്ടിയില്ലെങ്കിലും ശബ്ദം കേട്ട് ഒന്നു വിറയ്ക്കാത്തവർ ആരും കാണില്ല. അത്രയ്ക്ക് മേന്മയാണ് സാങ്കേതികതയ്ക്ക്. അതെ, കാലത്തിന് അനുസരിച്ച് കലാനിലയവും മാറി.  10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. സദസിൽ 600 പേർക്ക് ഇരിക്കാം. 7.1 ഡിജിറ്റൽ ശബ്ദമികവാണ് നാടകത്തിന്. നിലവിൽ സിനിമ തീയറ്റുകളിൽ ഉപയോഗിക്കുന്ന അതേ ശബ്ദവിന്യാസം. മലയാളക്കര നെഞ്ചേറ്റിയ സൽക്കലാ ദേവിതൻ ചിത്രഗോപുരങ്ങളിൽ എന്ന തീം സോങ് ശ്രവ്യമികവോടെ നാടകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വേദിയിൽ പടുകൂറ്റൻ ജംബോ ജറ്റ് പറന്നിറങ്ങും. കാറുകൾ ചീറിപ്പായും. സിനിമയെ വെല്ലുന്ന സെറ്റിങ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും ഡിജിറ്റൽ സഹായത്തോടെ അല്ല, സെറ്റാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.
രക്തരക്ഷസ് ചാപ്റ്റർ വൺ ആണ് ഇപ്പോൾ അരങ്ങിലുള്ളത്. ചാപ്റ്റർ ടു അടുത്ത വർഷം അവതരിപ്പിക്കും. പിന്നാലെ കടമറ്റത്ത് കത്തനാരും ഉണ്ടാകും. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം നൂറ്റി ഇരുപതോളം പേരാണ് നാടകത്തിന് പിന്നിൽ അണിനിരക്കുന്നത്.

തനിനിറം കൃഷ്ണൻ നായരും കലാനിലയവും

കലാനിലയം കൃഷ്ണൻ നായർക്ക് മറ്റൊരു പേരു കൂടിയുണ്ട്. തനിനിറം കൃഷ്ണൻ നായർ. ഒരു കാലത്ത് കേരളസമൂഹം ചർച്ച ചെയ്ത വാർത്തകൾ പുറത്തു വന്നത് കൃഷ്ണൻ നായരുടെ തനിനിറം പത്രത്തിലൂടെയായിരുന്നു. മാസികയായി തുടങ്ങി പിന്നീട് ദിനപത്രമായി മാറിയ തനിനിറം, കൃഷ്ണൻ നായരുടെ മരണത്തിന് ശേഷം പ്രസിദ്ധീകരണം അവസാനിപ്പിച്ചു. കൃഷ്ണൻ നായരെ ‘ആശയ രാക്ഷസൻ’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മറ്റുള്ളവർ ഒരിക്കലും ചിന്തിക്കാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ.

സിനിമ പ്രേക്ഷക സമൂഹത്തിലേക്ക് ആഴത്തിൽ വ്യാപിക്കുന്നതിന് മുൻപ്
നാടകം സിനിമാറ്റിക് ആക്കിയ ആളാണ് കൃഷ്ണൻ നായർ. 44 നാടകങ്ങളാണ് കൃഷ്ണൻ നായർ ഒരുക്കിയത്. ഐതിഹ്യമാലയിൽ പരാമർശിച്ചു പോയ കായംകുളം കൊച്ചുണ്ണിയും കടമറ്റത്തു കത്തനാരുമൊക്കെ സിനിമയായത് കലാനിലയം നാടകം കണ്ടാണ്. 1935 ൽ ലാവണ്യ ലഹരിയിലായിരുന്നു കലാനിലയത്തിന്റെ തുടക്കം. പതിവു നാടകങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു കലാനിലയം അവതരിപ്പിച്ച നാടകങ്ങൾ. അക്കാലത്തെ ആധുനിക സാങ്കേതിക വിദ്യകളിലാണ് കൃഷ്ണൻ നായർ ശ്രദ്ധ കൊടുത്തത്.
പ്രഫഷണൽ നാടക രംഗത്ത് പുതുചരിത്രമെഴുതിയ കൃഷ്ണൻ നായരുടെ ഏറ്റവും വലിയ സ്വപ്നം സ്ഥിരം നാടകവേദിയായിരുന്നു. അതിന് പ്രചോദനമായത് വിദേശരാജ്യങ്ങിലെ തീയറ്ററുകളും. ഓപ്പറാ ഹൗസുകളുടെ മാതൃകയിൽ 1963 ൽ ആദ്യ നാടകം അവതരിപ്പിക്കപ്പെട്ടു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത് സാക്ഷാൽ മന്നത്ത് പത്മനാഭനായിരുന്നു. കുരുക്ഷേത്രം എന്ന ഓപ്പറ രചിച്ചത് കാവാലം നാരായണപ്പണിക്കർ. 150 ൽപ്പരം കലാകാരന്മാരും അണിയറ പ്രവർത്തകരും ഉൾക്കൊണ്ട നാടകം മാസങ്ങളോളം നീണ്ടു നിന്നു. പിന്നീട് രാഷ്ട്രപതിയായ അന്നത്തെ കേരള ഗവർണർ വി.വി. ഗിരി, നടൻ ശിവാജി ഗണേശൻ അടക്കം പല പ്രമുഖരും നാടകം കളിക്കാനെത്തി.

ജഗതി എൻ.കെ. ആചാരി രചിച്ച കായംകുളം കൊച്ചുണ്ണി ഏറെ ജനപ്രീതിയാർജിച്ച നാടകമായിരുന്നു. കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച വി.ടി. അരവിന്ദാക്ഷമേനോന് മികച്ച നാടക നടനുള്ള കേന്ദ്രസംഗീത നാടക അക്കാദമിയുടെ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ നാടകം പാർലമെന്റിൽ ക്ഷണിക്കപ്പെട്ട സദസിന് മുൻപാകെ പ്രദർശിപ്പിച്ചു.

സ്ഥിരം നാടകവേദി ശൈലിയിൽ അവതരിപ്പിക്കപ്പെട്ടവയിൽ ഏറെ ജനശ്രദ്ധയാകർഷിച്ച മറ്റൊരു നാടകം 1965 ൽ വന്ന കടമറ്റത്ത് കത്തനാർ ആയിരുന്നു. നിരവധി നടീനടന്മാർക്ക് കലാനിലയം സിനിമയിലേക്കുള്ള ചവിട്ടു പടിയായി. ബാലൻ കെ. നായർ, സി.ഐ. പോൾ, പൂജപ്പുര രവി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന, ഖദീജ, കാഞ്ചന തുടങ്ങി കോട്ടയം രമേഷ് വരെ കലാനിലയം കളരിയിൽ നിന്ന് പോയവരായിരുന്നു.

വർഷം 1973
രക്തരക്ഷസ് വരുന്നു

ജഗതി എൻ.കെ. ആചാരി രചിച്ച് കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത രക്തരക്ഷസ് രംഗത്ത് വരുന്നു. കലാനിലയത്തിന്റെ എക്കാലത്തെയും ഹിറ്റും മാസ്റ്റർ പീസുമായി രക്തരക്ഷസ് മാറി. ഇതിലെ ഗാനങ്ങൾ കേരളം ഏറ്റു പാടി. പാപ്പനംകോട് ലക്ഷ്മണനും വി. ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കിയ ഗാനങ്ങൾ. പാടിയത് അന്ന് സിനിമയിൽ തിളങ്ങി നിന്ന പി. ലീലയും കമുകറ പുരുഷോത്തമനും. ഒപ്പം കൃഷ്ണൻ നായരുടെ ഭാര്യ കൊടുങ്ങല്ലൂർ അമ്മിണിയമ്മയും. കാതടപ്പിക്കുന്ന പശ്ചാത്തലസംഗീതം ഒരുക്കിയത് എം.ജി. രാധാകൃഷ്ണനായിരുന്നു. കൊടുങ്ങല്ലൂർ അമ്മിണിയമ്മയും ഈ നാടകത്തിൽ വേഷമിട്ടു. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളിൽ രക്തരക്ഷസ് കളിച്ചു. തമിഴ് സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് തമിഴ്‌നാട്ടിലും നാടകം നിറഞ്ഞ സദസിൽ അവതരിപ്പിച്ചു. ഗർഭിണികളും കുട്ടികളും ഈ നാടകം കാണാൻ വരരുത് എന്നൊരു ബോർഡ് നാടകശാലയ്ക്ക് മുന്നിൽ തൂങ്ങിക്കിടന്നു. നാടകം കണ്ട് പനി പിടിച്ചവരും സെമിത്തേരിയ്ക്ക് സമീപത്തു കൂടി പോകുമ്പോൾ ഭയന്ന് ബോധം കെട്ടവരും അനവധി ഉണ്ടായിരുന്നു. രക്ഷസിന്റെ അലർച്ച പ്രേക്ഷകമനസുകളെ ഏറെക്കാലം വിടാതെ പിന്തുടർന്നു.

നാരദൻ കേരളത്തിൽ

ശ്രീമൂലനഗരം മോഹന്റെ നാടകമായിരുന്നു നാരദൻ കേരളത്തിൽ. ഇത് കൃഷ്ണൻ നായർ വാങ്ങി. ചേരി വിശ്വനാഥനെ കൊണ്ട് സംഭാഷണമെഴുതിച്ച് അവതരിപ്പിച്ചു. നാടകം വലിയ വിവാദമായി. 200 ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ നാടകം അവതരിപ്പിച്ചു. തുടർച്ചയായി ഒന്നര വർഷത്തോളം മറൈൻ ഡ്രൈവിലെ വേദിയിൽ നാടകം കളിച്ചു. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ, നാരദൻ കേരളത്തിൽ എന്നിവയായിരുന്നു സ്ഥിരം നാടകവേദിയിലൂടെ രംഗത്തു വന്ന നാടകങ്ങൾ.

കലാനിലയം കർട്ടനിടുന്നു

1980 ൽ കൃഷ്ണൻ നായർ അന്തരിച്ചു. ആ സമയം മകൻ അനന്തപത്മനാഭൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. തീയറ്റർ വീണ്ടും തുടങ്ങാൻ കൊടുങ്ങല്ലൂർ അമ്മിണിയമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. നാടകത്തിനൊപ്പം നിന്ന 150 തൊഴിലാളികളുടെ ഒരു സൊസൈറ്റി രൂപീകരിച്ച് നടത്തിപ്പ് അവരെ ഏൽപ്പിച്ചു. അധികകാലം അത് മുന്നോട്ടു പോയില്ല. ട്രൂപ്പ് ഏറ്റെടുത്ത് നടത്തണമെന്ന് അനന്തന് മോഹമുണ്ടായിരുന്നു. അമ്മ സമ്മതിച്ചില്ല. വീണ്ടും ട്രൂപ്പ് തുടങ്ങാമെന്ന ആശയം മുന്നോട്ട് വച്ചത് ജഗതി ശ്രീകുമാറായിരുന്നു. അമ്മയുടെ താൽപര്യക്കുറവ് അനന്തന് തടസമായി. 2003 ൽ ജഗതി ശ്രീകുമാർ തന്നെ അമ്മിണിയമ്മയുമായി സംസാരിച്ച് കലാനിലയം പുനരുജ്ജീവിപ്പിച്ചു.
കലാനിലയത്തിന്റെ അവസാന ബെൽ മുഴങ്ങിയ എറണാകുളത്തെ മണപ്പാട്ടി പറമ്പിൽ തന്നെ പുതിയ കലാനിലയത്തിന്റെ ആദ്യ ബെല്ലും മുഴങ്ങി. സിനിമാ രംഗത്തുള്ള പലരും ജഗതിയെ നിരുത്സാഹപ്പെടുത്താൻ നോക്കി. സിനിമയ്ക്ക് പോലും നിലനിൽപ്പില്ലാത്ത സമയത്ത് ഇത്രയും വലിയ ചെലവിൽ എങ്ങനെ നാടകം നടത്തിക്കൊണ്ടു പോകും എന്നതായിരുന്നു അവരുടെ ചോദ്യം.

പക്ഷേ, സകലരെയും ഞെട്ടിച്ചു കൊണ്ട് രക്തരക്ഷസും കടമറ്റത്ത് കത്തനാരും വേദികൾ നിറഞ്ഞ് അവതരണം തുടർന്നു. 2012ൽ ജഗതി ശ്രീകുമാറിന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. ആ വർഷം തന്നെ കൊടുങ്ങല്ലൂർ അമ്മിണിയമ്മയും അന്തരിച്ചു. തൊട്ടുപിന്നാലെ കലാനിലയം പ്രവർത്തനം അവസാനിപ്പിച്ചു. 2015 ൽ ഹിഡുംബി എന്ന പരീക്ഷണ നാടകവുമായി അനന്തപത്മനാഭൻ രംഗത്തു വന്നു. ഗിരീഷ് വിസിപ്പാലം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന് ക്രിയേറ്റീവ് ഹെഡിന്റെ ചുമതലയായിരുന്നു അനന്തന്. 360 ഡിഗ്രി എൽഇഡി വാളിൽ പ്രദർശിപ്പിച്ച നാടകത്തിൽ ആദ്യം നായിക ചലച്ചിത്ര നടി കൃഷ്ണപ്രിയയായിരുന്നു. പിന്നീട് അനന്തന്റെ മകൾ ഗായത്രി ആ വേഷം ചെയ്തു. നാടകം കണ്ടിറങ്ങിയവർ പറഞ്ഞു.

‘സംഗതി കൊള്ളാം. ഇതൊക്കെ ഇപ്പോഴത്തെ പിള്ളേർ ചെയ്യട്ടെ. ഞങ്ങൾക്ക് വേണ്ടത് കലാനിലയത്തിന്റെ നാടകമാണ്.’
അതോടെ ഹിഡുംബി അവസാനിപ്പിച്ചു. 2018 ൽ കലാനിലയം വീണ്ടും വന്നു. നാടകങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി വരുന്നതിനിടെ കോവിഡ് എത്തി. പിന്നെയും തിരശീല.
2023 ൽ തീയറ്റർ പുനരാരംഭിക്കാൻ ശ്രമം തുടങ്ങി. അങ്ങനെയാണ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസുമായി ചർച്ച തുടങ്ങുന്നത്. അഞ്ചു മിനുട്ട് മാത്രമാണ് കമ്പനി എം.ഡി സോഹൻ റോയിയുമായി സംസാരിച്ചതെന്ന് അനന്തപത്മനാഭൻ പറയുന്നു. അദ്ദേഹം ഉടൻ സഹകരിക്കാൻ സമ്മതം മൂളി. അങ്ങനെ ഏരീസ് കലാനിലയം യാഥാർഥ്യമായി. മാസ്റ്റർ പീസ് ആയ രക്തരക്ഷസ് തന്നെ അരങ്ങിലെത്തിച്ചു. കാലോചിതമായ മാറ്റം വരുത്തി. നാടകം രണ്ടു ഭാഗങ്ങളാക്കി മാറ്റാൻ തീരുമാനിച്ചു. ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് ചാപ്റ്റർ വൺ ആണ്. അടുത്ത വർഷം ചാപ്റ്റർ 2 സ്‌റ്റേജിലെത്തും. രണ്ടാം ഭാഗത്തേക്കുള്ള തുടർച്ചയ്ക്ക് വേണ്ടി ഒന്നാം ഭാഗത്ത് ചില ലിങ്കുകൾ നൽകിയിട്ടുണ്ടെന്നും അനന്തപത്മനാഭൻ പറഞ്ഞു.

രാജ്യത്ത് നാടകം അവതരിപ്പിക്കുന്ന ആദ്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏരീസ് കലാനിലയം. ലാഭമല്ല, കമ്പനിയുടെ ലക്ഷ്യം. വരും തലമുറയിൽ നാടകമെന്ന കലാരൂപം നിലനിർത്തുകയാണ്. വളരെ ചെലവേറിയതാണ് നാടകാവതരണം. ടിക്കറ്റ് വച്ച് നാടകം കാണിക്കുമ്പോൾ ലഭിക്കുന്നത് മാത്രമാണ് ഏക വരുമാനം. അച്ഛനും അമ്മയ്ക്കും തനിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് ഈ നാടകകമ്പനിയെന്നും അനന്തൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും സ്ഥിരം നാടകവേദി വരും

സ്ഥിരം നാടകവേദിയെന്ന പിതാവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കുമെന്ന് അനന്തപത്മനാഭൻ പറയുന്നു. 1970 ൽ കൊച്ചിയിൽ സ്ഥിരം നാടകവേദിക്ക് വേണ്ടി കലാനിലയം കൃഷ്ണൻ നായർ ഒന്നരയേക്കർ സ്ഥലം ജി.സി.ഡി.എയിൽ നിന്ന് പാട്ടത്തിനെടുത്തു. താഴത്തെ നിലയിൽ നാടകശാലയും മുകൾ നിലയിൽ സിനിമ തീയറ്ററും ചുറ്റും എസ്‌കലേറ്ററോടു കൂടിയ ഷോപ്പിങ് കോംപ്ലക്‌സുമായിരുന്നു കൃഷ്ണൻ നായരുടെ ലക്ഷ്യം. അന്നത്തെ കാലത്ത് എസ്‌കലേറ്റർ എന്നുള്ളത് സിനിമകളിൽ പോലും ഇല്ലാത്ത സംഗതിയാണ്. അവിടെയാണ് കൃഷ്ണൻ നായരുടെ ദീർഘ വീക്ഷണമെന്നും അനന്തൻ ചൂണ്ടിക്കാട്ടുന്നു.

നാടകവേദിയിൽ സെറ്റിട്ട് ഷൂട്ട് ചെയ്ത സിനിമ

മലയാള സിനിമ സ്റ്റുഡിയോ സെറ്റുകളിൽ ചിത്രീകരിക്കുന്ന കാലത്ത് നാടകവേദിയിൽ സെറ്റിട്ട് സിനിമ എടുത്തയാളാണ് കലാനിലയം കൃഷ്ണൻ നായർ. അതായിരുന്നു ഇന്ദുലേഖ. വേറെയും സിനിമകൾ അദ്ദേഹം നിർമിച്ചു. ഐ.വി. ശശി സ്വതന്ത്രസംവിധായകനായ ഉത്സവം എന്ന സിനിമയുടെ വിതരണം കൃഷ്ണൻ നായരായിരുന്നു. രവികുമാർ എന്ന നടനെ അവതരിപ്പിച്ച ഉല്ലാസയാത്ര, താലപ്പൊലി, നീലസാരി എന്നീ സിനിമകളും അദ്ദേഹമാണ് നിർമിച്ചത്.

നാടകം മരിക്കില്ല, പുതുതലമുറ ഏറ്റെടുക്കും

നാടകമെന്ന കല ഒരിക്കലും മരിക്കില്ലെന്ന് അനന്തപത്മനാഭൻ പറയുന്നു. പുതുതലമുറ അതേറ്റ് എടുക്കും. പത്തനംതിട്ടയിലാണ് നിലവിൽ നാടകം കളിക്കുന്നത്. പുതിയതും പഴയതുമായ തലമുറയിൽപ്പെട്ടവർ നാടകം കാണാനെത്തുന്നു. പഴയ തലമുറയ്ക്ക് അറിയേണ്ടത് എന്തു മാറ്റമാണ് നാടകത്തിന് വന്നിരിക്കുന്നത് എന്നാണ്. കാതലമായ മാറ്റം കഥയിൽ വരുത്തിയിട്ടുണ്ട് എന്ന് അനന്തൻ പറഞ്ഞു. പഴയ നാടകത്തിലെ ഹാസ്യരംഗങ്ങൾ മുഴുവൻ നീക്കി. തിരസ്‌കരണി എന്ന ഒരു രംഗം അപ്പാടെ മാറ്റി. പുതുതലമുറയ്ക്ക് കൂടി രസിക്കുന്ന ഹാസ്യം വേണമെന്നത് കൊണ്ടാണ് അത് മാറ്റിയത്. ചില രംഗങ്ങളിൽ അടുത്ത ഭാഗത്തേക്കുള്ള സൂചന ഇട്ടിട്ടുണ്ട്. വളരെ ആശങ്കയോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വന്നത്. അച്ഛന്റെ കാലത്തുള്ള സ്‌ക്രിപ്ടാണ്. മാറ്റങ്ങൾ കാലോചിതമായി വരുത്തുമ്പോൾ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ പിതാവിന്റെ പേരും കമ്പനിയുടെ പേരും നഷ്ടമാകും എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പ്രദർശനം തുടങ്ങിയപ്പോൾ ആശങ്ക അസ്ഥാനത്തായി. നാടകത്തിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതിയിൽ വലിയ ആഹ്‌ളാദമുണ്ട്. മറ്റൊന്നു കൂടിയുണ്ട്. ഏതു തലമുറയ്ക്കും മാറ്റം വരുത്തി അവതരിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ഇതിന്റെ സ്‌ക്രിപ്ട്. അതു തന്നെയാണ് ഏറ്റവും വലിയ ആത്മവിശ്വാസവും. വരും തലമുറയും ഈ നാടകം ആഘോഷിക്കും-അനന്തപത്മനാഭൻ പറഞ്ഞു നിർത്തി.

അകത്ത് കൊട്ടകയിൽ വീണ്ടും ഒരു വിമാനത്തിന്റെ മുരൾച്ച, ഇരമ്പിയാർക്കുന്ന മഴ, അടച്ചിട്ട തറവാട്ട് വാതിലിൽ ആരോ തട്ടുന്നു.
രക്തരക്ഷസിന്റെ വരവാണ്.

ആദ്യം കേട്ട പാട്ട് മൂളി കൊട്ടക വിട്ടു..
സൽകലാദേവി തൻ ചിത്രഗോപുരങ്ങളേ
സർഗ സംഗീതമുയർത്തൂ…

Leave a Reply

Your email address will not be published. Required fields are marked *