റാന്നി – സംസ്ഥാനത്തിന് അഭിമാനമാകുന്ന നോളജ് വില്ലേജ് പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ. സംസ്ഥാന സർക്കാർ 1.05 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പെരുമ്പെട്ടി സർക്കാർ എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ബാത്റൂം, വരാന്ത എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് നിർമിക്കുന്നത്. റാന്നിയിലെ അങ്കണവാടികൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ നടത്തുന്ന അക്കാദമിക് പ്രവർത്തനങ്ങളുടെ മികവ്, തൊഴിൽ സംരംഭകത്വ സംസ്കാരം എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് നോളജ് വില്ലേജ്. ലോകം മാറുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റോബി എബ്രഹാം, രാജേഷ് ഡി. നായർ, പ്രധാനാധ്യാപിക എസ്. ബിന്ദു, എ.ഇ.ഒ പി.ആർ ബിന്ദു, ബി.പി.സി മെറിൻ സ്കറിയ, വിദ്യാകിരണം കോർഡിനേറ്റർ എ.കെ പ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


