പത്തനംതിട്ട: സാക്ഷിമൊഴി മാറ്റിപ്പറയാത്ത വിരോധം കാരണം ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ പറയനാലി മലങ്കാവ് കൊച്ചുമുരുപ്പേൽ വീട്ടിൽ എം ടി സാകുട്ടി (39) ആണ് പിടിയിലായത്. ഇയാൾ നേരത്തെ ഉൾപ്പെട്ട കേസിൽ സാക്ഷിയായ ഓമല്ലൂർ പറയനാലി മടുക്കുവലിൽ വീട്ടിൽ ജിജോ മോൻ ജോജിയെയാണ്, സാക്ഷിമൊഴി മാറ്റിപ്പറയാത്തതിന് കഴിഞ്ഞ എട്ടിനു രാവിലെ മലങ്കാവ് ജങ്ഷനിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. ഒരാളെ കൊന്ന തനിക്ക് മൂന്നുപേരെ കൊന്നാലും ശിക്ഷ ഒന്നുതന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ചെയ്തു.
ജിജോ പത്തനംതിട്ട സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞതുപ്രകാരം മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ് ഐ ജെ ബിനോജ് ആണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട മാർക്കറ്റിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ 2018 ൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണെന്നും, ജാമ്യത്തിലാണെന്നും, കേസിൽ രണ്ടാം സാക്ഷിയായ ജിജോ മോനെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും കണ്ടെത്തി. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


