അടൂർ: വീണയ്ക്കും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾക്കും വീടെന്ന സ്വപ്നം പൂവണിയുന്നു. കടമ്പനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഒഴുകുപാറ കോളനിയിൽ ഭർത്താവ് ഉപേക്ഷിച്ച് ബന്ധുവിന്റെ ഭൂമിയിൽ വാസയോഗ്യമല്ലാത്ത ടാർപോളിൽ ഷെഡിൽ കഴിഞ്ഞിരുന്ന അരക്കുംകാലായിൽ വീണയ്ക്കും കുഞ്ഞുങ്ങൾക്കും അഞ്ചു സെന്റ് ഭൂമി വാങ്ങി നൽകി നമ്മുടെ സ്വന്തം മണ്ണടി വാട്‌സ്ആപ്പ് ആൻഡ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ. സാമൂഹിക പ്രവർത്തകനായ ഫാ. റിഞ്ചു പി കോശി വീണയ്ക്ക് വീടൊരുക്കും. 2009 ൽ കന്നിമല ക്വാറി സമരത്തിന് ശക്തി പകരുവാൻ തുടങ്ങിയ നവമാധ്യമ കൂട്ടായ്മ കോവിഡ് കാലത്ത് ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത നിർദ്ധനരായ 20 കുട്ടികൾക്ക് എൽ.സി.ഡി ടിവിയും ഡിറ്റിഎച്ച് സംവിധാനവും ഒരുക്കി നൽകിയും കന്റോൺമെന്റ് സോണിൽ താമസിച്ചിരുന്ന 500 തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ജനശ്രദ്ധ നേടിയിരുന്നു. സ്വന്തം വീടും പുരയിടവും വാടകയ്ക്ക് കൈക്കുഞ്ഞുമായി എത്തിയ കുടുംബത്തിന് എഴുതി നൽകിയ ചന്ദ്രമതിയമ്മയ്ക്ക് ഓണക്കോടിയും കാൽ ലക്ഷത്തിൽപ്പരം രൂപയും നൽകി ആദരിച്ചു.
ക്യാൻസർ രോഗികൾക്കടക്കം നിരവധി ആളുകൾക്ക് കൈത്താങ്ങാവാൻ ചുരുങ്ങിയ കാലയളവിൽ നമ്മുടെ സ്വന്തം മണ്ണടി നവമാധ്യമ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കന്നിമല സമരം ജനങ്ങളിലും അധികാരികളിലും എത്തിക്കാൻ തുടങ്ങിയ നമ്മുടെ സ്വന്തം മണ്ണടിയിൽ ഇന്ന് 17500 അംഗങ്ങളുണ്ട്. ക്വാറി സമരഭൂമിയിലുള്ള ഒരു കുടുംബത്തിന് തണലാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് ഗ്രൂപ്പ് ചീഫ് അഡ്മിൻ അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. മണ്ണടി വേലുത്തമ്പി സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗം കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ വീണയ്ക്ക് ഭൂമിയുടെ ആധാരം കൈമാറി. പേജ് അഡ്മിൻ ജെ. ജയേഷ്‌കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ ചീഫ് അഡ്മിൻ അവിനാഷ് പള്ളീനഴികത്ത് സ്വാഗതവും അഡ്മിൻമാരായ സാഗർ മണ്ണടി, പ്രവീൺ ജയചന്ദ്രൻ, ഷിബുമണ്ണടി, കണ്ണൻ എം, ചന്ദ്രബാബു കുളക്കട, അനുഭദ്രൻ എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


