കുമ്പനാട് – കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണി എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ ഉരുളൻതള്ളി ക്നാശ്ശേരിയിലുള്ള ഭവനത്തിൽ മാർത്തോമ്മാ സഭാ അത്മായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ടും കോൺഗ്രസ് നേതാവും മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗവുമായ സുബിൻ നീറുംപ്ലാക്കലും കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി പൊട്ടയ്ക്കലിനോപ്പം എൽദോസിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും അദ്ദേഹത്തിൻ്റെ മരണത്തിലുള്ള ദുഃഖവും അനുശോചനങ്ങളും രേഖപ്പെടുത്തി.
ആനയുടെ ആക്രമണത്തിൽ മരിച്ച എൽദോസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം മാത്രമാണ് കുടുംബത്തിന് കൈമാറിയത്. ബാക്കി തുക ഇതുവരെ ജില്ലാ ഭരണകൂടം കൈമാറിയിട്ടില്ല. കുടുംബത്തിന്റെ ഏക അത്താണി പോയതോടെ പ്രായമായ മാതാപിതാക്കൾക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ല. ഒരു സഹോദരി മാത്രമാണ് എൽദോസിനുള്ളത്. കുടുംബത്തിലെ ആർക്കെങ്കിലും സർക്കാർ ജോലി കൊടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാക്കണം. കേരളത്തിലെ വനത്തിനോട് ചേർന്ന് താമസിക്കുന്ന ഗ്രാമങ്ങളിലെ ആളുകൾ വളരെ ഭീതിയോടെയാണ് കഴിയുന്നത്. ഈ പ്രദേശത്തുള്ള ആളുകളുടെ ഭീതി അകറ്റി കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന വനം റവന്യൂ വകുപ്പുകൾ തയ്യാറാകണമെന്ന് സുബിൻ നീറുംപ്ലാക്കൽ ആവശ്യപ്പെട്ടു.


