ശബരിമല: നിയമപ്രകാരമുള്ള ലൈസൻസോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽപ്പെട്ട രണ്ട് വയർലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂർ സിദ്ധാർഥ് നഗർ ജോക്കി ക്വാർട്ടേഴ്‌സ് 222 മൂന്നാം ബ്ലോക്കിൽ ഹിമാദ്രിയിൽ എ.പ. രാഘവേന്ദ്രനെ(44)യാണ് ഞായറാഴ്ച രാത്രി 10.30 ന് സന്നിധാനം വലിയയനടപ്പന്തലിൽ നിന്നും സന്നിധാനം എസ്.എച്ച്.ഓ എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്. കർണാടക സ്‌റ്റേറ്റ് പോലീസിന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് യാഥാർഥ്യമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. കർണാടക മാലവല്ലി ടൗൺ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ആണെന്ന പേരിലുള്ള കാർഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.
അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് പോലീസ് വയർലെസ് സെറ്റിൽ നിന്നും വിവരങ്ങൾ ചോർത്താനാണ് രണ്ട് വയർലെസ് സെറ്റുകൾ കൈയിൽ കരുതിയതെന്ന് പോലീസ് പറയുന്നു. വലിയ നടപ്പന്തലിൽ ഇയാളെ സംശയകരമായ നിലയിൽ കണ്ടതിനെ തുടർന്ന്, പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് തുടർ നടപടികൾ കൈക്കൊള്ളൂകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
What do you feel about this post?
Like
Love
Happy
Haha
Sad

