തൃശൂർ – പീച്ചി റിസർവോയറിൽ വെള്ളത്തിൽ മുങ്ങി അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ – സിജി ദമ്പതികളുടെ മകൾ അലീന (16) യാണു മരിച്ചത്. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുൾപ്പെടെ 4 പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ 12.30ന് അലീന മരിച്ചു. സെൽഫിയെടുക്കാൻ റിസർവോയറിന്റെ കൈവഴിയിലെ വെള്ളത്തിൽ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പട്ടിക്കാട് പുളയിൻമാക്കൽ ജോണി – സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ് – ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ് അപകടത്തിൽപെട്ട മറ്റു കുട്ടികൾ. ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.


