തിരുവന്തപുരം : നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം രാജിവെച്ചുകൊണ്ടു സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി പി വി അൻവർ. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എംഎൽഎ സ്ഥാനത്തു നിന്നുള്ള എൽഡിഎഫിന്റെ അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന.
നിലവിൽ എൽഡിഎഫ് സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി രണ്ട് തവണ നിലമ്പൂരിൽ നിന്നും വിജയിച്ച അൻവർ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു ഈ നീക്കത്തിലൂടെ എഫ്ഡിഎഫ് വിജയിച്ചത്. മലപ്പുറം ജില്ലയിൽ കോൺഗ്രസിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ നിലമ്പൂർ തൃണമൂൽ കോൺഗ്രസിന് വിട്ടുനൽകാനുള്ള നീക്കം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ അനുകൂലിക്കാൻ സാദ്ധ്യതയില്ല. ആര്യാടൻ ഷൗക്കത്തിന്റെ നിലപാടുകളും നിർണ്ണായകമാകും. ആകാംക്ഷ നിറഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് അൻവർ വീണ്ടും ഒരുങ്ങുന്നത് എന്നാണു സൂചന.
തൃണമൂൽ പാർട്ടി അംഗത്വം പിവി അൻവർ സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. പി ശശിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎമ്മിലെ തന്നെ ചില നേതാക്കളുടെ നിർദ്ദേശപ്രകാരം ആയിരുന്നെന്നും അവരിപ്പോൾ പിൻവലിഞ്ഞെന്നും വാർത്താ സമ്മേളനത്തിൽ പിവി അൻവർ പറഞ്ഞു.


