ഭഗവാന്റെ സാന്നിദ്ധ്യമെന്ന് കരുതപ്പെടുന്ന കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: ശരണ മന്ത്രങ്ങളാൽ മുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ പന്തളം കൊട്ടാരം ഭാരവാഹികളിൽ നിന്നും ദേവസ്വം ബോർഡ് അധികൃതർ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ദർശനത്തിന് വച്ചു. ഉച്ചക്ക് 12 ഓടെ ക്ഷേത്രത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഉടവാൾ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമയ്ക്ക് കൈമാറിയതോടെ ഘോഷയാത്രയുടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വ്രതനിഷ്ഠയോടെ എത്തിയ തിരുവാഭരണ വാഹക സംഘം തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി. ഈ സമയം ഭഗവത് സാന്നിധ്യമറിയിച്ച് കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നു.

പല്ലക്കിലേറിയ രാജപ്രതിനിധിക്ക് പിന്നിലായി തിരുവാഭരണ പേടകങ്ങളും ശിരസിലേന്തി പേടക വാഹക സംഘവും നീങ്ങിയപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം വ്രതനിഷ്ഠയോടെ പന്തളത്തെത്തി കാത്തു നിന്ന നൂറ് കണക്കിന് അയ്യപ്പഭക്തരുടെയും സായുധ പോലീസ് സേനയുടേയും ദേവസ്വം – റവന്യു ഉദ്യോഗസ്ഥരുടേയും വിവിധ ഹൈന്ദവ സംഘടനാ പ്രവർത്തകരുടെയും അകമ്പടിയോടെ മഹാഘോഷയാത്രയായാണ് മുന്നോട്ട് നീങ്ങിയത്. കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി കുളനട ഭഗവതി ക്ഷേത്രത്തിലെത്തി കാത്തു നിന്ന നൂറ് കണക്കിന് ഭക്തർക്ക് തിരുവാഭരണ ദർശന സായൂജ്യമേകി യാത്ര തുടരുന്ന ഘോഷയാത്ര കോഴഞ്ചേരി പിന്നിട്ട് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിക്കും. നാളെ പുലർച്ചെ യാത്ര തുടർന്ന് രാത്രിയോടെ പെരുന്നാട് വഴി രാത്രിയോടെ ളാഹയിലെ വനം വകുപ്പിന്റെ സത്രത്തിൽ എത്തി വിശ്രമിക്കും. തുടർന്ന് 14 പുലർച്ചെ യാത്ര തിരിച്ച് ഉച്ചയോടെ പമ്പ ഗണപതി കോവിലിലെത്തും. തുടർന്ന് രാജ പ്രതിനിധി ഇവിടെ വിശ്രമിക്കും. തിരുവാഭരണ പേടകസംഘവും ഭക്തരും യാത്ര തുടർന്ന് വൈകുന്നേരത്തോടെ സന്നിധാനത്തെത്തും. സന്നിധാനത്ത് വച്ച് തിരുവാഭരണങ്ങൾ മേൽശാന്തി ഏറ്റുവാങ്ങി പുണ്യാഹം തളിച്ച് ശ്രീകോവിലിലേക്കെടുക്കും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിക്കും. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിച്ച് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ തൊഴുത് ഭക്തലക്ഷങ്ങൾ മലയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *