ഓമല്ലൂർ: പൂജാദ്രവ്യങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തിൽ തീ പിടുത്തം. ഉടമയും ജീവനക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്തെ കടയിലേക്കും തീ പടർന്നു. ചുറ്റുപാടുമുള്ള വീടുകളിലേക്ക് തീ പടരാതെ അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി.
മാത്തൂർ റോഡിൽ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിലുള്ള എ ആൻഡ് എ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീ പടർന്നത്. കടയുടെ മുൻവശത്താണ് തീ കണ്ടത്. ഈ സമയം കടയുടമ ഷൈനി സുരേഷിന്റെ പിതാവ് ഓമല്ലൂർ സൗപർണികയിൽ ഭാസ്‌കരൻ നായർ (63), ജീവനക്കാരൻ ചെറുകോൽപ്പുഴ വടക്കേമംഗലത്ത് ആദർശ് (28) എന്നിവർ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ആളിക്കത്തുന്ന തീയിലൂടെ ഇവർ പുറത്തേക്ക് ചാടി. രണ്ടു പേർക്കും പൊള്ളലേറ്റു. ഇവരെ ഓമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിൽ നിന്ന് മൂന്നും അടൂരിലും കോന്നിയിൽ നിന്ന് ഒന്നു വീതവും ഫയർഫോഴ്‌സ് യൂണിറ്റ് എത്തി അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ശബരിമല സീസൺ പ്രമാണിച്ച് വലിയ തോതിൽ സാധനങ്ങൾ സ്‌റ്റോക്ക് ചെയതിരുന്നു. എല്ലാം തീ പിടിക്കുന്ന സാധനങ്ങളായതാണ് ഇത്രവലിയ നാശനഷ്ടമുണ്ടാകാൻ കാരണമായത്. തിരി, വെളക്കെണ്ണ, നെയ്യ്, സാമ്പ്രാണി, കർപ്പൂരം, ഇരുമുടി, തുണി സഞ്ചി, തേൻ തുടങ്ങിയ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. റോഡ് നിരപ്പിലുള്ള മുറിയിൽ നിന്ന് തുടങ്ങി ഒന്നാം നിലയിൽ ഹാൾ പോലെയുള്ള ഭാഗം മുഴുവൻ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം മുൻവശത്തെ ഷട്ടർ ആയിരുന്നു. കെട്ടിടത്തിന്റെ വശങ്ങളിലെ ജനാലച്ചില്ലുകൾ തകർത്താണ് ഫയർ ഫോഴ്‌സ് സംഘം വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്.

തൊട്ടടുത്ത മുറിയിൽ ഐസ്‌ക്രീം മൊത്ത വിതരണ കേന്ദ്രമാണുള്ളത്. ഇവിടെയും ഭാഗികമായി നാശനഷ്ടം നേരിട്ടു. തൊട്ടടുത്തു തന്നെ രണ്ടു വീടുകൾ ഉണ്ടായിരുന്നു. ഇവിടേക്ക് തീ പടരാതെ തടയാൻ ഫയർഫോഴ്‌സിനായി. കടയ്ക്കുള്ളിൽ നിന്ന് ചെറുതും വലുതുമായ രണ്ട് ഗ്യാസ് സിലിണ്ടറുകൾ കണ്ടെടുത്തു. ഇതിലേക്ക് തീ പടരാതെ ഇരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഓമല്ലൂർ മുട്ടത്ത് ബസേൽ ജോർജ് സാമുവലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഈ ബിൽഡിങിനോട് ചേർന്നാണ് ബസേലിന്റെ വീട്. ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ രഞ്ജിത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.


