പത്തനംതിട്ട: പതിനെട്ട് വയസുള്ള ദളിത് പെൺകുട്ടിയെ നിരന്തരമായ പീഡിപ്പിച്ച കേസിൽ ഇതു വരെ 14 പ്രതികൾ അറസ്റ്റിൽ. ഇലവുംതിട്ട സ്‌റ്റേഷനിലെ രണ്ടും പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നും കേസുകളിലായിട്ടാണ് ഇത്രയും പേർ അറസ്റ്റിലായത്. റാന്നി സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറു പേർ കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവരിൽ മൂന്നു പേർ പ്ലസ് ടു വിദ്യാർഥികളാണ്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. നാലു പേർ മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇലവുംതിട്ടയിൽ അഞ്ചും പത്തനംതിട്ടയിൽ ഒമ്പതും പേരാണ് അറസ്റ്റിലായത്.
പത്തനംതിട്ട സ്‌റ്റേഷനിലെ മൂന്നു കേസുകളിൽ ആദ്യത്തേതിൽ ടൗണിൽ മീൻ കച്ചവടം നടത്തുന്ന കൊന്നമൂട് പരാലിൽ വീട്ടിൽ ഷംനാദ് (20) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസിൽ വെച്ചൂച്ചിറ പോളിടെക്‌നിക്കിൽ ബയോമെഡിക്കൽ കോഴ്‌സിന് പഠിക്കുന്ന പേട്ട പുതുപ്പറമ്പിൽ വീട്ടിൽ അഫ്‌സൽ റഹിം (21), സഹോദരൻ ആഷിഖ് റഹിം (20), എറണാകുളത്ത് ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ് പഠിക്കുന്ന കടമ്മനിട്ട അമാംപാറക്കൽ വീട്ടിൽ നിധിൻ പ്രസാദ് (21), ഹയർ സെക്കൻഡറി വിദ്യാർഥികളായ പ്രമാടം കൊമ്പിൽ കിഴക്കേതിൽ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തിൽ കാർത്തിക് (18), പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ആഷിഖ് വെച്ചൂച്ചിറ പോളിടെക്‌നിക്കിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിന് പഠിക്കുന്നതിനൊപ്പം കോളജ് ജങ്ഷനിലെ വർക്ക് ഷോപ്പിലും ജോലി ചെയ്യുന്നു. അഫ്‌സൽ 2022 ലും കഴിഞ്ഞ വർഷവും രജിസ്റ്റർ ചെയ്ത വധശ്രമക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ആഷിഖും കൂട്ടുപ്രതിയാണ്.
മൂന്നാമത്തെ കേസിൽ പത്തനംതിട്ട ചന്തയിൽ മീൻവിൽക്കുന്ന കുലശേഖരപതി കൊച്ചുപുരയിടത്തിൽ കണ്ണപ്പൻ എന്ന സുധീഷ് (27), പൂങ്കാവിൽ മീൻവിൽപ്പന നടത്തുന്ന താഴെവെട്ടിപ്പുറം ആനപ്പാക്കൽ വീട്ടിൽ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പത്തനംതിട്ട പോലീസ് സേ്റ്റഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്.
പത്തനംതിട്ട, കോന്നി പോലീസ് സേ്റ്റഷനുകളിൽ 2014 ലെ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറു പേർ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.
ഇലവുംതിട്ട സ്‌റ്റേഷനിൽ രജിസ്്റ്റർ ചെയ്ത രണ്ടു കേസുകളിലായി പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൽ സുബിൻ (24), സന്ദീപ് ഭവനത്തിൽ എസ്. സന്ദീപ് (30), കുറ്റിയിൽ വീട്ടിൽ വി.കെ. വിനീത് (30), കൊച്ചുപറമ്പിൽ കെ. അനന്ദു (21), അപ്പു ഭവനത്തിൽ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയിൽ വീട്ടിൽ സുധി(ശ്രീനി24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്.
പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി.കെ.വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.
പ്രണയം നടിച്ച് ചതിച്ചത് സുബിൻ
വെള്ളിയാഴ്ച ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്ത സുബിനാണ് പീഡനം തുടങ്ങുന്നത്. മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ് ആയപ്പോൾ ബൈക്കിൽ കയറ്റി വീടിനു സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബർ തോട്ടത്തിൽ വച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലർച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികൾക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ സംഘം ചേർന്ന് അച്ചൻകൊട്ടുമലയിലെത്തിച്ച് കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു.
ഊർജിതമാക്കിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ വീടുകളിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്.ഇലവുംതിട്ട സേ്റ്റഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികൾ. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.


