ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വഴിയും ഉന്നത വിദ്യാഭ്യാസവും വീടും നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് : ആനുകൂല്യം ലഭിച്ചുവെന്നു ഉറപ്പുവരുത്തണമെന്നും നിർദ്ദേശം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ വീടും വഴിയും തുടർ പഠനവും നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഇത് സംബന്ധിച്ചു വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഈ നടപടി.

കടമ്മനിട്ട ഗവൺമെന്റ് ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന നന്ദന എന്ന കുട്ടി ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരി ആണെന്നും ഈ കുട്ടിക്ക് വീട്ടിലേക്ക് പോകാൻ ശരിയായി വഴി സൗകര്യം ഇല്ലെന്നും സ്വന്തമായി വീടില്ലെന്നും ഉപരിപഠനം നടത്താൻ കുട്ടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചാണ് റഷീദ് ആനപ്പാറ സംസ്ഥാന ബാലാവകാശ കമ്മീഷനു പരാതി നൽകിയത്.

ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും വഴി കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തു കൊടുത്തിരുന്നു.ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് ഇലന്തൂർ ബ്ലോക്ക് സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണത്തിന് ആദ്യഘഡു 40,000 രൂപ ലഭിച്ചു. കുട്ടിക്ക് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലൂടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയും നാരങ്ങാനം പഞ്ചായത്ത് സെക്രട്ടറിയും ലൈഫ് മിഷൻ കോഡിനേറ്ററും ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *