ശബരിമല സന്നിധാനത്തും കൈപ്പട്ടൂരിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : മൂന്നു പേർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: ശബരിമല സന്നിധാനത്തും കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസ്സിന് സമീപവുമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌കൂളിന് സമീപം കാറിനുള്ളിലിട്ട് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പള്ളിപ്പടിഞ്ഞാറ്റേതില്‍ വിളാകംപുരയിടം വീട്ടില്‍ അമീര്‍ഖാന്‍(42), വിളാകംപുരയിടം വീട്ടില്‍ മുബാറക്ക്(28) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. കാറിനുള്ളില്‍ നാലു ചാക്കുകളില്‍ സൂക്ഷിച്ച 3285 പാക്കറ്റ് ഗണേഷ്, 1500 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന രണ്ട് ചാക്ക് ഹാന്‍സ്, 448 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന ഒരു ചാക്ക് കൂള്‍ ലിപ് എന്നിവ കണ്ടെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നത് തടയാനുള്ള നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം, ബാലനീതി നിയമത്തിലെ വകുപ്പ് 77 കൂടിച്ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്. എസ്.ഐ ജെ.യു.ജിനു, സി.പി.ഓമാരായ സച്ചിന്‍, മിഥുന്‍ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ശബരിമല സന്നിധാനത്ത് പോലീസുംഎക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സന്നിധാനം കൊപ്ര കളത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാത്രക്കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപുഴ ചന്ദ്രവിഹാര്‍ വീട്ടില്‍ പ്രകാശ്(36) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3 പാക്കറ്റ് ഹാന്‍സ്, 91 പാക്കറ്റ് പല ബ്രാന്‍ഡിലുള്ള ബീഡികള്‍, ഒമ്പതു പാക്കറ്റ് വില്‍സ് സിഗരറ്റ് എന്നിവ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്പന നടത്തി കിട്ടിയ പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *