മലയാലപ്പുഴ ക്ഷേത്രത്തിനുള്ളിലെ മാല മോഷണം: മൂന്നാം പ്രതിയെ ജയിലിൽ നിന്ന് അറസ്റ്റ് ചെയ്തു

Crime
Print Friendly, PDF & Email

പത്തനംതിട്ട – മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണമാല മോഷ്ടിച്ച നാടോടി സംഘത്തിലെ മൂന്നാം പ്രതിയെ മലയാലപ്പുഴ പോലീസ് ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. അട്ടക്കുളങ്ങര സബ് ജയിലിൽ കഴിഞ്ഞുവരുന്ന തമിഴ്‌നാട് തിരുവല്ലൂർ പൊളിവാക്കം വൈഷ്ണവി നഗർ ഇളയരാജയുടെ ഭാര്യ മധു എന്ന രതി (40) യെയാണ് കോടതി ഉത്തരവ് പ്രകാരം എസ്.ഐ വി.എസ് കിരണിന്റെ നേതൃത്വത്തിൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയശേഷംകോടതിയിൽ തിരികെ ഹാജരാക്കി.

ഒന്നും രണ്ടും പ്രതികൾ കേസെടുത്ത് ദിവസങ്ങൾക്കകം അറസ്റ്റിലായിരുന്നു. തമിഴ് നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്‌നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ജൂൺ ഒന്നിന് രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചു കടന്നത്. പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്, 3,15,000 രൂപവിലവരും.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെന്നു സംശയിക്കുന്ന സ്ത്രീകൾ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നിൽക്കുന്നത് കണ്ടു. തുടർന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി. രതി, മധു, അനു എന്നീ പേരുകളിൽ അറിയപ്പെടുന്ന മൂന്നാം പ്രതി, സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്‌റ്റേഷനിലെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പാലക്കാട് തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് ശ്രമകരമായ അന്വേഷണത്തിലൂടെ രണ്ടു പ്രതികളെ പിടികൂടിയത്. ജക്കമ്മാളെ റെനോൾട് കാറുമായാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്നും കണ്ടെടുത്തുവെങ്കിലും മോഷണ മുതലകൾ കണ്ടെത്താനായില്ല.

വിശദമായ ചോദ്യം ചെയ്യലിൽ സ്വർണം, മൂന്നാം പ്രതി രതി മുഖേന വിറ്റതായും, കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. ഇവരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദർശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിനുള്ളിൽ കയറി ഭക്തരുടെ വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഒന്നാംപ്രതി തൃത്താല, വടക്കാഞ്ചേരി, നെന്മാറ പോലീസ് സ്‌റ്റേഷനുകളിലും, രണ്ടാം പ്രതി പാലാരിവട്ടം കൊടുങ്ങല്ലൂർ പത്തനംതിട്ട എന്നീ പോലീസ് സ്‌റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ മാരായ വിഎസ് കിരൺ, ബി പ്രസന്നൻ പിള്ള, ഗ്രേഡ് എസ് ഐ എ പി അജികുമാർ, എ എസ് ഐമാരായ സുബി, ശ്രീദേവി, എസ് സി പി ഓ അജിത് പ്രസാദ്, സിപിഓ മാരായ ജ്യോതിഷ് കുമാർ, ഡി അമൽരാജ്, എസ് അനിൽ, ആർ അർജുൻ, ആർ അരുൺ രാജ്, ആർ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആർ പ്രബീഷ് എന്നിവരാണുണ്ടായിരുന്നത്.

മൂന്നാം പ്രതി രതിയെ ഫോർമൽ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിൽ വാങ്ങ സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. മലയാലപ്പുഴയിലെ കേസ് കൂടാതെ ഇവർക്ക് കേരളം തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി 17 ക്രിമിനൽ കേസുകളുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒന്നൊഴികെ എല്ലാം കവർച്ചയ്ക്കും മോഷണത്തിനും രജിസ്റ്റർ ചെയ്ത കേസുകളാണ്. ആര്യനാട്, ചോറ്റാനിക്കര, പാലക്കാട് നോർത്ത് ടൗൺ എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് കവർച്ച കേസുകളുള്ളത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയതിന് ആര്യനാട് പോലീസ് എടുത്തതാണ് ഒരു കേസ്. തമിഴ്‌നാട്ടിലെ വിരണം, താഴമ്പൂർ, അമ്പലപ്പുഴ കുമരകം തിരുവല്ലം ചെർപ്പുളശ്ശേരി കൊടുങ്ങല്ലൂർ പേരാമംഗലം കണ്ണൂർ ടൗൺ തൃശ്ശൂർ ഈസ്റ്റ് ഇരവിപുരം എന്നീ പോലീസ് സ്‌റ്റേഷനുകളിലായാണ് മോഷണത്തിന് കേസുകളുള്ളത്. മൂന്ന് പ്രതികളെയും ഒരുമിച്ചു കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്തുന്നതിന് പോലീസ് നടപടി കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *