പത്തനംതിട്ട – മഞ്ജുവിന്റെ വാക്കുകൾ തന്നെ കടമെടുത്ത എഴുതാൻ തുടങ്ങിയാൽ…
ആകാശം ഇരുണ്ടുമൂടി… ഇടിമിന്നലും അതിശക്തമായ പേമാരിയും കൊണ്ട് മധുരാപുരി മുങ്ങി… വെളിച്ചം കാണാത്ത എഴുവർഷത്തെ കാരാഗ്രഹ ജീവിതത്തിനിടയിൽ ലോകത്തിലെ ഒരു സ്ത്രീയും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത എല്ലാ വേദനകളും ത്യാഗവും സഹിച്ച് ദേവകി ലോകനന്മക്കായി പ്രസവിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു… ലോകത്തിന്റെ കാലചക്രം നിയന്ത്രിക്കുന്ന കഴിയുന്ന ഭഗവാൻ ശ്രീകൃഷ്ണനെയാണ്. “ദേവകി” ജന്മം കൊടുത്തത്. “ദേവകി “നമ്മുടെ സ്വന്തം അമ്മയാണ്. എല്ലാ വേദനകളും സഹിച്ചു നമ്മളെ നൊന്തു പ്രസവിച്ച നമ്മുടെ സ്വന്തം അമ്മ.

അതെ ” ദേവകി ” എന്ന ഹൃസ്വ ചിത്രം പൂർത്തിയായിരിക്കുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ മഞ്ജു വിനോദ് കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഹൃസ്വചിത്രം. കഴിഞ്ഞയാഴ്ച പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംവിധായകനായ കവിയൂർ ശിവപ്രസാദിന് പോസ്റ്റർ കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. നിർമ്മാതാവ് ഷാജി പുളിമൂട്ടിൽ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വിനോദ് ഇളകൊള്ളൂർ, അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അനുഗ്രഹീതമായ സാന്നിദ്ധ്യം ശ്രദ്ധേയമായി.

മഞ്ജുവിനോദിനെക്കുറിച്ചു പറഞ്ഞാൽ എഴുത്തുകാരി, രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്ത സംവിധായക, സാമൂഹിക പ്രവർത്തക, ജീവകാരുണ്യ പ്രവർത്തക, സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ്, ഇടക്കൊക്കെ സജീവ രാഷ്ട്രീയത്തിലും ഇടപെടുന്ന ഒരു വീട്ടമ്മ. ഏതാണ്ട് 10 വർഷത്തിൽ കൂടുതലായി മഞ്ജുവിനോദിനെ സോഷ്യൽ മീഡിയാ വഴിയും, പിന്നീട് എന്റെ ബന്ധുക്കൾ പറഞ്ഞും അറിയാം. പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട് മഞ്ജുവിന്റെ പ്രവർത്തനങ്ങളും, കടന്നുചെല്ലുന്ന മേഖലകളും ശ്രദ്ധിക്കുമ്പോൾ. കാട്ടിലെ വിശക്കുന്നവർക്ക് ഭക്ഷണവുമായി ചിലപ്പോൾ, ഗാന്ധിഭവൻ പ്രവർത്തകയും ഭാരവാഹിയുമായി ചിലപ്പോൾ, രാഷ്ട്രീയത്തിലും, പ്രളയ സമയത്തും നേതാക്കൾക്കും ജനങ്ങൾക്കുമൊപ്പം നിഴൽപോലെ, ഇടക്ക് ചിലപ്പോൾ ആറന്മുള പോലുള്ള ക്ഷേത്രങ്ങളിലെ ഭാഗവത വായനക്കാരി, നാടകത്തിലെ അഭിനേതാവ്, കവിതകളുടെയും, ഗാനങ്ങളുടെയും രചനക്കും, അത് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും, സോഷ്യൽ മീഡിയയിലെ സജീവ എഴുത്തുകാരി, പിന്നെ ചില ഓൺലൈൻ മാദ്ധ്യമങ്ങളിലെ വാർത്താ റിപ്പോർട്ടിംഗിലൂടെ മാധ്യമ പ്രവർത്തക, കോവിഡ് മഹാമാരി സമയത്ത് അഗ്നിശമന സേനക്കൊപ്പം സിവിൽ ഡിഫൻസ് ആയി സേവനം, ഇപ്പോൾ കുറച്ചുകാലമായി ഓൺലൈൻ വസ്ത്ര വ്യവസായ രംഗത്തും സജീവം. ഇപ്പോൾ സംവിധായികയും. !! നീണ്ട വർഷക്കാലത്തെ പുസ്തക വായനയിലൂടെയും, എഴുത്തിലൂടെയും സാമൂഹിക ജീവിതത്തിലൂടെയുമൊക്കെ ഉരുത്തിരിഞ്ഞു വന്ന മഞ്ജു വിനോദ് എന്ന ഈ സംവിധായിക നാളെകളിൽ ചരിത്രം ശ്രഷ്ടിക്കുമെന്ന് ഉറപ്പ്.

വിശപ്പ് കൊണ്ട് മോഷ്ടാവാകുകയും, മർദ്ദനമേറ്റ് മരിക്കുകയും ചെയ്ത ആദിവാസി മധുവിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ ചിത്രം. കായംകുളം എസ്എൻഡിപി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച വനിതാ സംവിധായികയായും മഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോൾ റിലീസിംഗിന് തയ്യാറായിരിക്കുന്ന ദേവകിയുടെ മ്യൂസിക് ലോഞ്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ശ്രീ എം. ആർ. ഗോപകുമാർ, ,ദേവകിക്കുവേണ്ടി കവിത ആലപിച്ച ശ്രീ ജി. വേണുഗോപാൽ, ദേവകിയുടെ നിർമ്മാതാവ് ശ്രീ ഷാജി പുളിമൂട്ടിൽ, ശ്രീ അനിൽ തൊള്ളായിരം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്.

സാമൂഹിക പ്രസക്തിയുള്ള ഈ സിനിമ പൂർത്തീകരിച്ചു വിജയിപ്പിച്ചതിന് പിന്നിൽ മഞ്ജുവിനൊപ്പം ഒരു പതിറ്റാണ്ടിനു മുകളിൽ ആത്മബന്ധം പുലർത്തുന്ന ഒരു കൂട്ടായ്മയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൂടിയുണ്ട്.. ലോകത്തിലെ ഒരു സ്ത്രീയും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത എല്ലാ വേദനകളും ത്യാഗവും സഹിച്ച് ദേവകി ലോകനന്മക്കായി പ്രസവിച്ച് അത്ഭുതം സൃഷ്ടിച്ചു . ദേവകിയുടെ ഏട്ടാമത്തെ പ്രസവം തടയാനോ.. സൂര്യതേജസോടെ പിറന്ന കുഞ്ഞിനെ വധിക്കുവാനോ ദുഷ്ടനായ കംസന് കഴിഞ്ഞില്ല. കാരണം ദേവകി പ്രസവിച്ചത് ഒരു ചാപിള്ളയെ ആയിരുന്നില്ല. മഞ്ജുവിന്റെ എഴുത്തിലെ ഈ വരികൾ പോലെത്തന്നെ ദേവകി എന്ന ഹൃസ്വചിത്രത്തിലൂടെ നമുക്ക് പത്തനംതിട്ടക്കാർക്ക് അഭിമാനിക്കാൻ നാളെ ഒരു മലയാള സിനിമാ സംവിധായികയെ തന്നെ സമ്മാനിക്കട്ടെ. മറ്റെല്ലാ മേഖലകളെയും പോലെ സിനിമാ സംവിധാനത്തിലും വനിതാ സാന്നിദ്ധ്യം ഉണ്ടാകട്ടെ, അതും നമ്മുടെ പത്തനംതിട്ടയിൽ നിന്ന്. പ്രാർത്ഥനകളോടെ “ദേവകിക്ക് ” ആശംസകൾ.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


