അടൂർ: പ്രസിഡന്റ് അറിയാതെ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി ചേരാൻ സംസ്ഥാന നേതാക്കൾ അടക്കം എത്തിയതിനെ തുടർന്ന് തെറിവിളിയും കൈയ്യാങ്കളിയും. ജില്ലാ പ്രസിഡന്റിന്റെ നിർദേശപ്രകാരം അടൂർ നിയോജക മണ്ഡലം യോഗം വിളിച്ചു ചേർത്ത സ്ഥലത്താണ് ബഹളം. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗത്തിനു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. കെഎസ്ആർടിസിസി ജങ്ഷനു സമീപത്തുള്ള കെട്ടിടത്തിനു മുൻപിലാണ് പാർട്ടിയിലെ ഒരു വിഭാഗം ബഹളമുണ്ടാക്കിയത്. നിയോജക പ്രസിഡന്റായ സജു മിഖായേലിനെ അറിയിക്കാതെ യോഗം വിളിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യുവിനു നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്.
ജില്ലാ പ്രസിഡന്റ് സജി അലക്‌സിന്റെ നിർദേശ പ്രകാരമാണ് ഇന്നലെ വൈകിട്ട് മൂന്നിന് യോഗം വിളിച്ചത്. എന്നാൽ സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യു, ജില്ലാസ്റ്റിയറിങ് കമ്മിറ്റി അംഗം അജി പാണ്ടിക്കുടി, ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തിയപ്പോൾ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തിൽ എത്തിയവർ തടയുകയും പരസ്പരം അസഭ്യം പറയുകയും തോമസ് മാത്യുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു പറയുന്നത്.
പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചു കൂട്ടാൻ പ്രസിഡന്റ് സജു മിഖായേൽ തയാറാകാത്തതിനെ തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ നിർദേശം പ്രകാരം യോഗം വിളിച്ചതെന്ന് ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗം അജി പാണ്ടിക്കുടിയിൽ പറഞ്ഞു. അതേസമയം തന്നെ അറിയിക്കാതെയാണു നിയോജക മണ്ഡലം കമ്മിറ്റി യോഗം വിളിച്ചതെന്നും അതാണു ബഹളത്തിനു കാരണമായതെന്നും നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

