പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി കൗൺസിലറുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽ.ഡി.എഫ്. മുൻ പാർലമെന്ററി പാർട്ടി ലീഡർ കെ. വി പ്രഭയുടെ പിന്തുണയോടെയാണ് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എ.എസ്. നൈസാമിന് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഇലക്ഷൻ കമ്മിഷൻ കൗൺസിലർമാർക്ക് രജിസ്‌ട്രേഡ് കത്ത് അയയ്ക്കും. പിന്നാലെ അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും നടക്കും.
നിലവിൽ ബി.ജെ.പിയിലെ രണ്ട് കൗൺസിലർമാർ ഭരണകക്ഷിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കൗൺസിലിൽ കെ.വി.പ്രഭയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഇരുന്നതോടെയാണ് ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണത്തിന്റെ തുടക്കം മുതൽ കെ.വി.പ്രഭയും ചെയർപേഴ്‌സൺ സുശീല സന്തോഷും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇത് പിന്നീട് പരസ്യമായിട്ടുള്ള അസഭ്യം വിളിയിലേക്ക് വരെ എത്തി. കെ.വി. പ്രഭ തുടർച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സസ്‌പെൻഡ് ചെയ്തിരുന്നു.
33 അംഗ നഗരസഭയിൽ ബി.ജെ.പിക്ക് 18, എൽ.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് അഞ്ച്, സ്വതന്ത്രൻ, എന്നിങ്ങനെയാണ് കക്ഷിനില, എൽ.ഡി.എഫിലെ ഒമ്പതു കൗൺസിലർമാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗൺസിലറും ചേർന്നാണ് അവിശ്വാസ പ്രമേയം നോട്ടീസ് നൽകിയത്. ബി.ജെ.പി കൗൺസിലർമാരായ രണ്ടുപേരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും എതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും ജനദ്രേഹ നയങ്ങളും തുടരുന്ന നഗരസഭാ ഭരണസമിതിയെ പുറത്താക്കാൻ അവിശ്വാസ പ്രമേയത്തേ പിന്തുണയ്ക്കും യു.ഡി.എഫ്.
നഗരസഭാ ഭരണസമിതിക്കെതിരെ സമർപ്പിച്ചിട്ടുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ കെടു കാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടിയും തുടരുന്ന ഭരണ സമിതിക്കെതിരെ യു .ഡി എഫ് അംഗങ്ങൾ വോട്ടു ചെയ്യാൻ UDF നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്. ജനങ്ങളുടെ മേൽ കെട്ടിട നികുതിയുടെ പേരിൽ അധികഭാരം അടിച്ചേൽപ്പിക്കുകയും സർക്കാർ നൽകുന്ന പദ്ധതി പണത്തിൽ 90 ശതമാനവും നഷ്ടപ്പെടുത്തുകയും ഓണക്കാലത്തും തീർത്ഥാടന കാലത്തുപോലും തെരുവുവിളക്കുകൾ കത്തിക്കാതെയും തീർത്ഥാടന സൗകര്യങ്ങളൊരുക്കാതെയും ശരണവഴികൾ പോലും പൊട്ടിപൊളിഞനിലയിലായിട്ടും ശരണം വിളികളോട് അധികാരത്തിലേറിയവർ തീർത്ഥാടന കാലത്തു തന്നെ അയ്യപ്പശാപത്താൽ സ്വന്തം കക്ഷിയിലെ അന്തശ്ചിദ്രത്താൽ തകർന്നു വീഴുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നതാണെന്നും ജനഹിതത്തിനൊപ്പമായിരിക്കും യു.ഡി എഫ് എന്നും എപ്പോഴുമെന്നും യു.ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ കെ.ആർ രവി പന്തളം മഹേഷ് സുനിതാ വേണു രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു


