അയ്യപ്പന്മാർ ശരണവീഥികളിൽ : പൊന്നമ്പല നട ഇന്ന് വൈകിട്ട് നാലിന് തുറക്കും ; ശബരിമലയിൽ നാളെ പുലർച്ചെ മുതലുള്ള പൂജാ സമയങ്ങൾ

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: വൃത ശുദ്ധിയോടെ ഭക്തിയാൽ മനസും ശുദ്ധമാക്കി പൂങ്കാവനത്തിലെ കാനനപാതകളിലൂടെ അയ്യപ്പന്മാരുടെ ഒഴുക്ക് ആരംഭിക്കുകയാണ്. കാനനപാതകളിൽ ശരണമന്ത്രങ്ങളുടെ നാളുകൾ. മണ്ഡല മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയാണ് തിരുനട തുറക്കുക.

യോഗ നിദ്രയിൽ നിന്ന് അയ്യപ്പസ്വാമിയെ ഉണർത്തി ഭക്തജന സാന്നിദ്ധ്യമറിയിച്ച് ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും. മണ്ഡലകാല മകരവിളക്ക് തീർത്ഥാടനകാലം കഴിയുന്നതുവരെ ഈ വിളക്ക് അണയാതെ കത്തും. തുടർന്ന് ഗണപതി നടയും നാഗർനടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് ആഴി ജ്വലിപ്പിക്കും. സന്ധ്യയ്ക്ക് പുതിയ മേൽശാന്തിയുടെ അവരോധന ചടങ്ങ് നടക്കും. കലശമാടിയ ശേഷം തന്ത്രി കണ്ഠര് രാജീവര് നിയുക്ത ശബരിമല മേൽശാന്തി എൻ.അരു ൺ നമ്പൂതിരിയെ കൈപിടിച്ച് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി അയ്യപ്പന്റെ മൂല മന്ത്രം ചെവിയിൽ ഓതുന്നതോടെ അടുത്ത ഒരു വർഷത്തെ പുറപ്പെടാ ശാന്തിയായി അദ്ദേഹം അവരോധിക്കപ്പെടും.

ഇന്ന് രാത്രി 10manikk സ്ഥാനം ഒഴിയുന്ന മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ താക്കോൽ ഏല്പിക്കും. തുടർന്ന് താക്കോൽ പുതിയ മേൽശാന്തിക്ക് കൈമാറും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്നിന് നട തുറക്കും. നിർമ്മാല്യ ദർശനം, 3.20 ന് ഗണപതിഹോമം, 3.45 ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ, 12 ന് ഉച്ചപൂജ, ഒന്നിന് നടയടയ്ക്കും, വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. 6.30ന് ദീപാരാധന, രാത്രി ഏഴിന് പുഷ്പാഭിഷേകം, 9.30 ന് അത്താഴപൂജ,11 ന് ഹരിവരാസനം പാടി നടയടയ്ക്കൽ.

 

Leave a Reply

Your email address will not be published. Required fields are marked *