പത്തനംതിട്ട: ഗവി, കൊച്ചുപമ്പ വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കാൻ പത്തനംതിട്ട ശുചിത്വ മിഷൻ. ഗവിയിലും കൊച്ചുപമ്പയിലുമായി കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെയും സീതത്തോട് ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് ശുചിത്വ മിഷൻ പദ്ധതികൾ വരുന്നത്. രണ്ട് ഇടങ്ങളിലുമായി 30 യൂണിറ്റ് പൊതു ശൗചാലയങ്ങളും ഖരമാലിന്യ സംസ്കരണത്തിനായി ഉയർന്ന നിലവാരത്തിലുള്ള ബയോഗ്യാസ് പ്ലാൻ്റുകളുമാണ് സ്ഥാപിക്കുന്നത്.
പത്തനംതിട്ട ശുചിത്വ മിഷനും കേരള ഫോസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനും സീതത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ യോഗത്തിലാണ് നിർണ്ണായക പദ്ധതികൾക്ക് വഴിയൊരുങ്ങിയത്. ഗവിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാകും ഈ പദ്ധതികൾ.
കാലതാമസമില്ലാതെ ശുചിത്വ പദ്ധതി നടപ്പാക്കലിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനമായി. ഈ പദ്ധതികൾക്കായി ശുചിത്വ മിഷൻ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ടായി 70 ശതമാനം നൽകും. ശേഷിക്കുന്ന പദ്ധതി വിഹിതത്തിൻ്റെ 30 ശതമാനം സീതത്തോട് ഗ്രാമപഞ്ചായത്തും കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനും ചേർന്ന് ചെലവിടും.
പത്തനംതിട്ട ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം യോഗ ശേഷം പദ്ധതി സ്ഥല പരിശോധനയും നടത്തി. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, ടെക്നിക്കൽ കൺസൾട്ടൻ്റ് അരുൺ വേണുഗോപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ലതികാ സുഭാഷ്, മാനേജിംഗ് ഡയറക്ടർ ജോർജ് പി മാത്തച്ചൻ ഐഎഫ്എസ്, ബോർഡ് ഡയറക്ടർമാരായ പി ആർ ഗോപിനാഥൻ, ജ്യോതി കെ എസ്, അരുൺ കെ എസ്, അക്കൗണ്ട്സ് ജനറൽ മാനേജർ കിരൺ ജെയിംസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, ഗവി ഡിവിഷണൽ മാനേജർ സജീർ എന്നിവർ സംയുക്ത യോഗത്തിൽ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

