ചെന്നൈ – രാഷ്ട്രീയത്തിൽ താൻ ഒരു കുട്ടി ആണെങ്കിലും അതോർത്ത് ഭയപ്പെടുന്നില്ലെന്ന് നടൻ വിജയ് ജനസാഗരത്തെ സാക്ഷി നിർത്തി പ്രസ്താവിച്ചു. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ തന്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഗൗരവമുള്ള മേഖലയാണ് രാഷ്ട്രീയം. സയൻസും ടെക്‌നോളജിയും മാത്രമാണോ മാറേണ്ടതും വികസിക്കേണ്ടതും ? എന്തുകൊണ്ട് ഈ രാഷ്ട്രീയം മാത്രം മാറാതിരിക്കുന്നു ? അദ്ദേഹം ജനങ്ങളോടായി ആരാഞ്ഞു.
പെരിയാർ, കാമരാജ്, ബി.ആർ. അംബേദ്കർ, വേലുനാച്ചിയാർ, അഞ്ചലൈ അമ്മാൾ എന്നിവരാണ് ടി.വി.കെയുടെ തലവന്മാരെന്നും വിജയ് പറഞ്ഞു.
ആരുടെയും വിശ്വാസത്തിന് എതിരല്ല. ‘ഒരേ കുലം ഒരേ ദേവൻ’ എന്നതാണ് നിലപാട്. വാക്കിലല്ല.. പ്രവൃത്തിയാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിൽനിന്ന് ഇറങ്ങി അച്ഛന്റെയും അമ്മയുടെയും ആശീർവാദം വാങ്ങിയ ശേഷമായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
ഈ രാഷ്ട്രീയം ഒക്കെ നമുക്ക് എന്തിനാണ്. സിനിമയിൽ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാൽ പോരെ എന്നാണ് ആദ്യം താനും കരുതിയിരുന്നത്. എന്നാൽ നമ്മൾ മാത്രം നന്നായിരിക്കണം എന്നത് സ്വാർഥത അല്ലേ. ഒരു പരിധിക്കപ്പുറം പണം സമ്പാദിച്ചിട്ട് എന്ത് കാര്യം. ഈ ജീവിതം സമ്മാനിച്ച ജനങ്ങൾക്ക് എന്താണ് തിരികെ നൽകാൻ പോകുന്നത്. ഇത്തരം പല ചോദ്യങ്ങൾ മനസ്സിലുയർന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ആലോചിച്ചപ്പോഴാണ് രാഷ്ട്രീയം എന്ന് മനസ്സിൽ വന്നത്. വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാൽ മാത്രമേ നമ്മളെ വിശ്വസിക്കുന്നവർക്ക് നല്ലത് ചെയ്യാൻ കഴിയൂ എന്ന് മനസ്സിൽ തോന്നി. അതാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇനി ഒന്നിനെ കുറിച്ചും ആലോചിക്കരുത്, അദ്ദേഹം കൂട്ടിച്ചേർത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

