കേസൊഴിവാക്കാൻ തമ്മിലടിച്ച എസ്എഫ്‌ഐക്കാർ ക്ഷമിച്ചിട്ടും പോലീസ് വിട്ടില്ല ; മൂന്നു പേർ റിമാൻഡിൽ

Crime Pathanamthitta
Print Friendly, PDF & Email

കേസൊഴിവാക്കാൻ തമ്മിലടിച്ച എസ്എഫ്‌ഐക്കാർ ക്ഷമിച്ചിട്ടും പോലീസ് വിട്ടില്ല ; മൂന്നു പേർ റിമാൻഡിൽ

പത്തനംതിട്ട: പെൺകുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട് ടൗണിൽ തമ്മിലടിച്ച എസ്എഫ്‌ഐക്കാർ പ്രശ്‌നം പറഞ്ഞു തീർത്തു. ഇരുകൂട്ടർക്കും പരാതിയില്ലെന്നും എല്ലാം പറഞ്ഞ് കോംപ്ലിമെൻസാക്കിയെന്നും പറഞ്ഞ് പോകാനായിരുന്നു പ്ലാൻ. പക്ഷേ, അവരുടെ തമ്മിലടിയിൽ പരിക്കേറ്റ പോലീസിന് പരാതിയുണ്ടായിരുന്നു. തങ്ങളെ ആക്രമിച്ചതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സിപിഎം ജില്ലാ നേതൃത്വം അടക്കം ഇടപെട്ടിട്ടും വഴങ്ങാതെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും പ്രമാടം മല്ലശ്ശേരി മറുർ കൃഷ്ണ വിലാസം വീട്ടിൽ ഹരികൃഷ്ണപിള്ള (23), താഴെടത്ത് വീട്ടിൽ പ്രദീഷ് (23), മല്ലശ്ശേരി മറുർ കീഴേത് വീട്ടിൽ ആരോമൽ (23) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഏഴേകാലിന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടയടി നടക്കുന്നത് അറിഞ്ഞ് എത്തിയ എസ്‌ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസിനു നേരേ ഈ അക്രമികൾ തിരിയുകയായിരുന്നു. അടിപിടി കൂടിയവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ, ഇവർ പോലീസിനെ ആക്രമിച്ചു. നാലുപേർ ഓടി രക്ഷപ്പെട്ടു. എസ് ഐ ഉൾപ്പെടെ നാലു പോലീസുദ്യോഗസ്ഥർക്ക് പരിക്കു പറ്റി. എസ് ഐ ജിനുവിന്റെ യൂണിഫോം വലിച്ചുകീറുകയും തള്ളി താഴെയിടുകയും കമ്പി കഷ്ണം കൊണ്ട് ഇടതുകൈത്തണ്ടയിൽ പരുക്കേൽപ്പിക്കുകയും ചെയ്തു.

സ്‌റ്റേഷനിലെത്തിച്ചു കഴിഞ്ഞും അക്രമം തുടർന്ന പ്രതികൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചു. ആഷർ മാത്യു, ശ്രീകാന്ത്, സുമൻ സോമരാജ് എന്നീ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. അറസ്റ്റിലായ പ്രതികൾ മുമ്പ് ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ്. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയവരെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികരളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *