പത്തനംതിട്ട : ആനക്കും, കടുവക്കും പിന്നാലെ പത്തനംതിട്ടയുടെ ഉറക്കംക്കെടുത്തി പെരുമ്പാമ്പുകളും. മാടുമേച്ചിൽ ട്രാൻസ്ഫോർമറിൽ പെരുമ്പാമ്പ് ചത്തിരുന്നതിനു പിന്നാലെ ഇന്നലെ നഗരമദ്ധ്യത്തിലെ മാർക്കറ്റിനുള്ളിലെ മാലിന്യസംഭരണകേന്ദ്രത്തിന്റെ മേൽക്കൂരയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പു പിടുത്തക്കാരനായ കോന്നി ബിജു എത്തിയാണ് പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. കഴിഞ്ഞ അഞ്ചുദിവസത്തിനുളളിൽ നഗരത്തിലും നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലുമായി നാലിടത്താണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിൽ നഗരസഭയിലെ മൂന്നാംവാർഡിലെ തോട്ടിലും നഗരമദ്ധ്യത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുളള ചതുപ്പിലും കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തോന്ന്യാമല ഭാഗത്തെ തോട്ടിൽ നിന്ന് താറാവിനെ പിടികൂടിയ ശേഷം പാമ്പ് സമീപത്തെ പാടത്തേക്ക് ഇഴഞ്ഞുപോയി. കഴിഞ്ഞ ദിവസം നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ മാടുമേച്ചിലിൽ ട്രാൻസ് ഫോർമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു.മുൻപ് കിഴക്കൻ വനമേഖലയിൽ നിന്ന് മലവെളളപ്പാച്ചിലിനൊപ്പമോ ഉരുൾപൊട്ടലുണ്ടാകുമ്പോഴോ ആണ് പെരുമ്പാമ്പുകൾ നാട്ടിൽ ഒഴുകി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പെരുമ്പാമ്പിനെ കണ്ടെത്തിയ ഭാഗങ്ങൾ നദികളുമായി ബന്ധമില്ലാത്ത ഇടങ്ങളാണ്. തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കാടുപിടിച്ച പുരയിടങ്ങളിലും ചതിപ്പുനിലങ്ങളിലുമെല്ലാം ഇവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. മഴയിൽ പാടശേഖരങ്ങളും തോടുകളും നിറഞ്ഞതോടെ ഇവ ഇരതേടി കരയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും എത്തിയതെന്നാണ് കരുതുന്നത്.
പെരുമ്പാമ്പ് ഇരതേടുന്നത് രാത്രിയിൽ
പക്ഷികളേയും ചെറുജീവികളേയും ചെറിയ മൃഗങ്ങളേയും ആഹാരമാക്കുന്ന പെരുമ്പാമ്പിന് വിഷമില്ല. ജീവികളുടെ ശരീരത്തിൽ ചുറ്റിവരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നാണ് ഇരയെ വിഴുങ്ങുന്നത്. മാസങ്ങളോളും ആഹാരം ഇല്ലാതെ ജീവിക്കാനും പെരുമ്പാമ്പിന് കഴിയും. രാത്രിയിലാണ് ഇരതേടുന്നത്. മഴകാലത്ത് ഇവ മുട്ടയിട്ട് അടയിരിക്കും.
5 ദിവസത്തിനിടെ 4 ഇടത്ത് പെരുമ്പാമ്പ് പുറത്തിറങ്ങാൻ ഭയം
”വീടിനു സമീപത്തെ തോട്ടിൽ നിന്നുമാണ് പെരുമ്പാമ്പ് താറാവിനെ പിടികൂടിയത്. നിമിഷനേരംകൊണ്ട് അകത്താക്കി പാമ്പ് സമീപത്തെ പാടത്തേക്ക് ഇഴഞ്ഞിറങ്ങി. ആടും കോഴിയുമുൾപ്പടെയുളളവയെ വളർത്തിയാണ് ഈ ഭാഗത്തുളളവർ വരുമാനം കണ്ടെത്തുന്നത്. പെരുമ്പാമ്പിനെ കണ്ടതോടെ ഭയം മൂലം പാടത്തേക്ക് ഇറക്കി തീറ്റുന്നതിനോ അഴിച്ചുവിടുന്നതിനോ കഴിയുന്നില്ല”-ലതാവിജയരാജ്, വീട്ടമ്മ


