കണ്ണൂർ: താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പരാതിക്കാരനായ ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരനാണു . പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീൻ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എങ്ങനെ പെട്രോൾ പമ്പ് തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്. സർക്കാർ ജീവനക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നത് സർവീസ് റൂൾസിന് എതിരാണ്.
പരിയാരം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായി എടുത്ത് പിണറായി സർക്കാരാണ് സ്ഥിര നിയമനം നൽകിയത്. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ അന്തരവനാണ് പ്രശാന്ത്. എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ്അടുത്ത ബന്ധു കൂടിയാണ്.
പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തൻ പറയുന്നത്. പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിർവാഹമില്ലാതെ പൈസ നൽകിയെന്നും പ്രശാന്തൻ പറയുന്നു. കൈക്കൂലി നൽകുന്നതും കുറ്റകരമാമൈന്നിരിക്കെ അതും പ്രശാന്തന്റെ ജോലി പോകാൻ കാരണമാകും.
അതേസമയം, എ.ഡി.എം നവീൻ ബാബുവിൻറെ ആത്മഹത്യയിൽ മൗനം തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ. വിളിക്കാത്ത ചടങ്ങിൽ കയറിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കാൻ കാണിച്ച ധൈര്യം, എ.ഡി.എമ്മിൻറെ മരണം വിവാദമായതോടെ ദിവ്യയിൽ ചോർന്നുപോയി. ദിവ്യക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധം തീർക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബി.ജെ.പി അഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പി.പി. ദിവ്യ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ് നവീനിൻറെ സഹോദരൻ പ്രവീൺ.


