പഠിച്ച സ്‌കൂൾ തല്ലിത്തകർത്ത പൂർവ്വ വിദ്യാർത്ഥിക്ക് കോടതി ശിക്ഷ വിധിച്ചു

Crime
Print Friendly, PDF & Email

കലഞ്ഞൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്തു പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ വിദ്യാർഥിക്ക് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കലഞ്ഞൂർ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേവീട്ടിൽ പ്രവീണി(20)നെയാണ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

മജിസ്‌ട്രേറ്റ് കാർത്തിക പ്രസാദിന്റേതാണ് വിധി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 447 പ്രകാരം മൂന്നു മാസം തടവും 500 രൂപ പിഴയും 427 അനുസരിച്ച് 1 വർഷം തടവും 4000 രൂപ പിഴയും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം 1 വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതി. അടയ്ക്കാതിരുന്നാൽ 30 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ വർഷം നവംബർ 24 പുലർച്ചെ 1.30 ന്, സ്‌കൂളിൽ അതിക്രമിച്ചു നടന്ന ഇയാൾ, ക്ലാസ് മുറിയിലെയും എൻസിസി, എൻഎസ്എസ് ഓഫീസുകളുടെയും ജനൽ ചില്ലുകൾ അടിച്ചുതകർത്തു. പിന്നീട് സ്‌കൂളിന് സമീപമുള്ള ബേക്കറിയിലെയും മറ്റും സിസിടിവികളും ഗ്ലാസും നശിപ്പിച്ചു. കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. കൂടൽ പോലീസ് സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ആർ രാജ്‌മോഹൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *