അടൂർ: ഒട്ടനവധി കഞ്ചാവു കേസുകളിലെ പ്രതി, തന്റെ വീട്ടിൽ നട്ടുനനച്ച് പരിപാലിച്ച് വളർത്തി കൊണ്ടു വന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. സംഭവത്തിൽ ഏനാദിമംഗലം മരുതിമൂട് പുഷ്പമംഗലത്ത് രഞ്ജിത്ത് രാജനെതിരെ കേസെടുത്തു. എക്‌സൈസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപെട്ടു. 40 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് രഞ്ജിത്ത് രാജൻ നട്ട് പരിപാലിച്ചു വന്നത്. മുൻപും ഇയാളുടെ പേരിൽ കഞ്ചാവ് കൈവശം വച്ചതിനും മറ്റും കേസ് എടുത്തിട്ടുണ്ട്. മുൻപ് ലഹരി വിൽപ്പന കേസുകളിൽ ഉൾപ്പെട്ടവരെ എക്‌സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവ് ചെടി വളർത്തുന്നതായി വിവരം ലഭിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അസി: എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എച്ച്. നാസർ, വി.ഹരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സോമശേഖരൻ, വിമൽകുമാർ, സുരേഷ് ഡേവിഡ്, ജയചന്ദ്രൻ, സി.ഇ.ഒ ജ്യോതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


