പത്തനംതിട്ട: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിൽ ഭിന്നശേഷിക്കാരനായ
പ്രതിക്ക് 70 വർഷം കഠിനതടവും ആകെ മൂന്നരലക്ഷം പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്‌പെഷ്യൽ കോടതി. ശിക്ഷ ഒരുമിച്ചൊരു കാലയളവായി അനുഭവിച്ചാൽ മതിയാകും. അയിരൂർ കോറ്റത്തൂർ മതാപ്പാറ മഴവൻചേരി തയ്യൽ വീട്ടിൽ റെജി ജേക്കബി(49)നെയാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. 2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് പ്രതി തന്റെ വാഹനത്തിൽ കുട്ടിയെ കയറ്റികൊണ്ടുപോയി പലയിടങ്ങളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയത്. 2022 ൽ അന്നത്തെ കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന വി സജീഷ് കുമാറാണ് കേസ് അന്വേഷിച്ചു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമവും പോക്‌സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകളിലുമായി പ്രത്യേകമായാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പ്രതി കുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ മൂന്നുവർഷവും ആറുമാസവും അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാതിരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

