തിരുവനന്തപുരം: പ്രഥമ കേരളക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന് ടീം ജഴ്‌സിയും പ്രത്യേകമായി ഡിസൈൻ ചെയ്ത ഫാൻ ജഴ്‌സിയും സമ്മാനിച്ചു. സിംഗിൾ ഐഡി( single.ID) ഡയറക്ടറും ടീം ഉടമയുമായ സുഭാഷ് മാനുവൽ, ടീം ക്യാപ്റ്റൻ ബേസിൽ തമ്പി എന്നിവർ ചേർന്നാണ് ജഴ്‌സി കൈമാറിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ പ്രതീക സൂചകമായ നീല നിറത്തിലുള്ള ജഴ്‌സിയാണ് കൊച്ചി ടീമിന്റേത്. ടീം ലോഗോയും ജഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാപ്റ്റൻ 01 എന്ന് എഴുതിയിരിക്കുന്ന ജഴ്‌സി ആരാധകർക്കിടയിലുള്ള ജനപ്രീതിയുടെ സൂചനയാണ്. ആദ്യ സീസണിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും കേരളത്തിന്റെ കായികമേഖലയിൽ പുതിയ മാറ്റത്തിന് കേരള ക്രിക്കറ്റ് ലീഗ് വഴിയൊരുക്കുമെന്നും സുഭാഷ് മാനുവൽ പറഞ്ഞു. ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പൂർണ ആത്മവിശ്വാസം ടീമിനുണ്ടെന്നും വിജയത്തോടെ ലീഗ് മത്സരത്തിന് തുടക്കം കുറിക്കാനാകുമെന്നും ബേസിൽ തമ്പി പറഞ്ഞു.


