പത്തനംതിട്ട – ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം സുഗമമാക്കുന്നതിന് സർക്കാർതലത്തിൽ വിപുലസംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പന്തളം ഇടത്താവളവികസനം, വലിയകോയിക്കൽ ക്ഷേത്രത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുന്ന തീർഥാടനകാലത്തിനായുള്ള പ്രവൃത്തികൾ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂർത്തിയാക്കാനുമാകും.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനും പോലിസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീർഥാടകർക്ക് പന്തളം ഇടത്താവളത്തിൽ താമസിക്കുന്നതിന് ക്രമീകരണങ്ങൾ ഉറപ്പാക്കും. വാഹന പാർക്കിംഗ് സുഗമമാക്കുന്നതിനും നടപടിസ്വീകരിക്കും. ശൗചാലയ സംവിധാനം വൃത്തിപൂർവവും പ്രകൃതിസൗഹൃദമായും നിർമിക്കും.
അച്ചൻകോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളിൽ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും. അലോപതി-ആയുർവേദ-ഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി സ്ക്വാഡുകൾ കൃതമായ ഇടവേളകളിൽ പരിശോധന നടത്തും. വിവിധ ഭാഷകളിലുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കും.
പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നശേഷം സെപ്റ്റംബർ 27 ന് പന്തളത്ത് വീണ്ടും ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, കെ. സുന്ദരേശൻ, പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ. ശ്രീധര ശർമ, ദേവസ്വം എക്സിക്യുട്ടിവ് എൻജിനീയർ എസ്. വിജയമോഹൻ, അടൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സുനിൽ കുമാർ, കൊട്ടാരം നിർവാഹകസമിതി അംഗങ്ങൾ, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


