പത്തനംതിട്ട: കരാറുകാരനോട് വില പേശി കൈക്കൂലി ഗഡുക്കളായി വില പേശി വാങ്ങാൻ ശ്രമിച്ച വനിത അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ വിജി വിജയനെയാണ് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ പിടികൂടിയത്. മരാമത്ത് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.50 ലക്ഷം രൂപയുടെ ബിൽ തുക മാറി നൽകുന്നതിന് 37,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുമ്പോഴായിരുന്നു പിടിവീണത്.
പഞ്ചായത്തിലെ കുളം നവീകരണ പ്രവർത്തി ഏറ്റെടുത്ത കരാറുകാരന്റെ ആദ്യ ഗഡു തുകയായ 9.5 ലക്ഷം രൂപ നേരത്തെ മാറി നൽകിയിരുന്നു. അന്നേരം കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും പരാതിക്കാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ മാറി നൽകണമെങ്കിൽ ആദ്യ ബില്ലിന്റെ ബാക്കി കൈക്കൂലിയും ചേർത്ത് ആകെ ഒരു ലക്ഷം രൂപ വേണമെന്ന് വിജി വിജയൻ ആവശ്യപ്പെട്ടു. കരാറുകാരൻ പല പ്രാവശ്യം അസിസ്റ്റന്റ് എൻജിനീയറെ നേരിട്ട് കണ്ട് കൈക്കൂലി തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച 50,000 രൂപയാക്കി കൈക്കൂലി കുറയ്ക്കാൻ അസി. എൻജിനീയർ തയാറായി. ആദ്യ ഗഡുവായി അന്നേരം കൈയിലുണ്ടായിരുന്ന 13,000 രൂപ പിടിച്ചു വാങ്ങിയെടുത്തു.
ബാക്കി 37,000 രൂപയുമായി ഇന്ന് ഓഫീസിലെത്താൻ കരാറുകാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 37,000 രൂപ വാങ്ങവേ വിജി വിജയനെ പിടികൂടുകയായിരുന്നു. വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് കെ.കെ.അജി നേതൃത്വം നൽകി. ഇൻസ്‌പെക്ടർമാരായ ജെ. രാജീവ്, കെ. അനിൽ കുമാർ, യു.പി.വിപിൻ കുമാർ, സബ് ഇൻസ്‌പെക്ടറായ ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബിജു, പുഷ്പ കുമാർ, ഹരിലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മണി ലാൽ, രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ചിത്ത്, അനീഷ്, കിരൺ, അജീർ, രേഷ്മ രാജ് എന്നിവരുമുണ്ടായിരുന്നു.


