തിരുവനന്തപുരം – ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ഏറ്റെടുക്കാമെന്ന പേരിൽ നിരവധി അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
ദത്തെടുക്കലിന് പിൻതുടരേണ്ട സർക്കാർ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാവൂ. മുണ്ടക്കൈ -ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ തീർത്തും അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ലെങ്കിലും ദത്തെടുക്കലിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ധാരാളമായി ലഭിക്കുന്നുണ്ട്.
മാതാപിതാക്കളെ നഷ്ടപ്പെട്ട, സംരക്ഷണവും കരുതലും ആവശ്യമായ കുഞ്ഞുങ്ങളെ 2015 ലെ കേന്ദ്ര ബാലനീതി നിയമ പ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്. സെന്റർ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്ക് വിധേയമായി യോഗ്യരായവർക്കാണ് കുട്ടികളെ ദത്തെടുക്കാൻ കഴിയുക.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും താൽക്കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റി വളർത്തുന്നതിനും നിയമപ്രകാരം സാധിക്കും. ബാലനീതി നിയമം 2015, അഡോപ്ഷൻ റെഗുലേഷൻ 2022 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണിത്. htt://cara.wcd.gov.in വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും (04936 285050), ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലും (04936 246098) ലഭ്യമാകും.
What do you feel about this post?
Like
Love
Happy
Haha
Sad

